ഉരുള്‍പൊട്ടല്‍; ഇരുനൂറിലധികം വീടുകള്‍ വെള്ളത്തില്‍

മുക്കം: കനത്ത മഴയിലും, ഉരുള്‍പൊട്ടലിലും, തിരുവമ്പാടി ,കൂടരഞ്ഞി പഞ്ചായത്തുകളില്‍ വന്‍ നാശനഷ്ടം. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ കരിമ്പ്, ജോയി റോഡ്, എന്നിവിടങ്ങളിലാണ് ഇന്നലെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. ഇതോടെ പുല്ലൂരാംപാറ, തിരുവമ്പാടി അങ്ങാടി എന്നിവ വെള്ളത്തില്‍ മുങ്ങി. പഞ്ചായത്തിലെ ഇരുനൂറോളം വീടുകളിലും, ടൗണിലെ ഒട്ടേറെ കടകളില്‍ വെള്ളം കയറി. പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതിനാല്‍ തിരുവമ്പാടി അങ്ങാടി പൂര്‍ണമായും ഒറ്റപ്പെട്ടു. ടൗണിലെ കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട എട്ട് ബസ്സുകള്‍ പുറത്തിറക്കാന്‍ കഴിയാതെ കുടുങ്ങിപ്പോയി. പുല്ലൂരാംപാറയിലും സമാന സ്ഥിതിയാണ്. തിരുവമ്പാടി യുപിസ്‌കൂള്‍ ക്യാംപില്‍ 29 കുടുംബങ്ങളേയും, പുല്ലൂരാംപാറ സ്‌കൂളില്‍ 37 കുടുംബങ്ങളേയും, മുത്തപ്പന്‍ പുഴ ക്യാമ്പില്‍ 5 കുടുംബങ്ങളേയും പുരനധിവസിപ്പിച്ചിട്ടുണ്ട്. കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി സ്രാമ്പിക്കല്‍ ഭാഗത്തും, ആനക്കല്ല പാറയിലും ഉരുള്‍പൊട്ടലുണ്ടായി. കുളിരാമുട്ടിയില്‍ ചാലില്‍ കുര്യാക്കോസിന്റെ കുടുംബം ഉരുള്‍പൊട്ടലില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപെട്ടത്. മുകള്‍ ഭാഗത്ത് നിന്ന് ഉരുള്‍പൊട്ടിയെത്തിയ മണ്ണും, വെള്ളവും ഇവരുടെ വീടിന് സമീപം വച്ച് രണ്ടായി പിരിയുകയായിരുന്നു. ഈ സമയം മൂന്ന് പേരും വീട്ടിലുണ്ടായിരുന്നു. പകല്‍ സമയമായതിനാലും, വീടിന് സമീപത്ത് വച്ച് വെള്ളം രണ്ടായി പിരിത്തതുംകൊണ്ടാണ് ജീവന്‍ രക്ഷപെട്ടത്.വീടിന് സാരമായ കേടുപാടുകള്‍ പറ്റി. ഇവരുള്‍പ്പെടെ രണ്ട് കുടുംബങ്ങളെ പ്രദേശത്തെ കോണ്‍വെന്റിലേക്കും, എതാനും കുടുംബങ്ങളെപൂവ്വാറന്‍ തോട് സ്‌കൂളിലെ ക്യാംപിലേക്കും മാറ്റിയിട്ടുണ്ട്..പുന്നക്കടവ് ഭാഗത്തെ കരിങ്കല്‍ ക്വാറിയോട് ചേര്‍ന്ന് വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായി. പഞ്ചായത്തിലെ അറുപതോളം വീടുകള്‍ക്ക് നാശമുണ്ടായി. പട്ടോത്ത് ഭാഗത്ത് വെള്ളം കയറിയതിനാല്‍ പതിനൊന്ന് കുടുംബങ്ങള്‍ വീടൊഴിഞ്ഞു.

RELATED STORIES

Share it
Top