ഉരുള്‍പൊട്ടലും പ്രളയക്കെടുതിയും; ജിയോളജിക്കല്‍ സര്‍വേ സംഘം പരിശോധന നടത്തി

ഇരിട്ടി: മലയോര മേഖലയിലുണ്ടായ മഹാപ്രളയത്തിലും ഉരുള്‍പൊട്ടലിലും ഭൂമി വിണ്ടുകീറുകയും വീടുകള്‍ തകരുകയും ചെയ്ത പ്രദേശങ്ങള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വകുപ്പിന്റെ തിരുവനന്തപുരം യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് ഇരിട്ടി താലൂക്കിലെ ദുരന്തപ്രദേശങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയത്. കീഴൂര്‍ വില്ലേജിലെ എടക്കാനത്ത് ആദ്യം പരിശോധനയ്‌ക്കെത്തിയ സംഘം കുന്നിടിച്ചിലില്‍ തകര്‍ന്ന നെല്ലാറയ്ക്കല്‍ മഠത്തിനകത്ത് ബേബിയുടെ ഇരുനില കോണ്‍ക്രീറ്റ് വീടും ചുറ്റുപാടും പരിശോധിച്ചു.
വീടിനോട് ചേര്‍ന്ന ഒന്നരയേക്കറോളം ഭൂമി ഇടിഞ്ഞുനിരങ്ങി റബര്‍ മരങ്ങളും പാറകൂട്ടത്തോടൊപ്പം നിലംപതിച്ചിരുന്നു. കീഴൂര്‍കുന്ന്, കീഴൂര്‍, പാലാപ്പറമ്പ് മേഖലകളില്‍ ഭൂമി വിണ്ടുകീറിയ പ്രതിഭാസങ്ങളും സംഘം വിലയിരുത്തി. കീഴൂര്‍ വില്ലേജിലെ എടക്കാനം, കീഴൂര്‍, പാലാപറമ്പ്, വയത്തൂര്‍ വില്ലേജിലെ കാലാങ്കി എന്നിവിടങ്ങളിലാണ് സംഘം ഇന്നലെ പരിശോധന നടത്തിയത്.
പ്രകൃതിദുരന്തങ്ങളില്‍നിന്ന് മുന്‍കരുതലുകള്‍ എടുക്കാനുള്ള ദീര്‍ഘ- ഹ്രസ്വകാല പരിഹാരമാര്‍ഗങ്ങള്‍, സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘം വിലയിരുത്തി. നിര്‍ദേശങ്ങളടങ്ങിയ റിപോര്‍ട്ട് പരിസ്ഥിതി മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും സമര്‍പ്പിക്കും. കേരളത്തില്‍ മഹാദുരന്തം വിതച്ച മേഖലകളില്‍ മൂന്നു സ്‌ക്വാഡായി തിരിഞ്ഞാണ് സന്ദര്‍ശനം നടത്തുന്നത്.
കോഴിക്കോട്, കണ്ണൂര്‍, വയനാട് മേഖലകളില്‍ സന്ദര്‍ശനം നടത്തുന്ന സംഘമാണ് മൂന്നുദിവസത്തെ പരിശോധനയ്ക്കായി ഇരിട്ടി താലൂക്കിലെത്തിയത്. അയ്യംകുന്ന്, ആറളം, കീഴൂര്‍, വയത്തൂര്‍, കൊട്ടിയൂര്‍ , കേളകം വില്ലേജുകളിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും.ജിഎസ്‌ഐ തിരുവനന്തപുരം യൂനിറ്റിലെ റണ്‍ജിത്ത് കുമാര്‍ ദാസ്, എം എസ് രവിനാഥ്, ജില്ലാ ജിയോളജിസ്റ്റ് എസ് സന്തോഷ് എന്നിവരുടെ നേതൃതൃത്തിലാണ് സംഘം ഇരിട്ടി താലൂക്കില്‍ സന്ദര്‍ശനം നടത്തുന്നത്. കീഴൂര്‍, വയത്തൂര്‍ വില്ലേജുകളില്‍ ജിഎസ്‌ഐ ഉദ്യോഗസ്ഥരോടൊപ്പം ഇരിട്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി പ്രദീപ് കുമാര്‍, കീഴൂര്‍ വില്ലേജ് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ടി മനോജ് കുമാര്‍, റവന്യൂ ഉദ്യോഗസ്ഥരായ സി രാമചന്ദ്രന്‍, പി പി മണി, ജിനേഷ് പഴശ്ശി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top