ഉരുള്‍പൊട്ടലിനു കാരണക്കാരായവര്‍ക്കെതിരേ നടപടി വേണം: വി എം സുധീരന്‍

താമരശ്ശേരി: കരിഞ്ചോല മലയില്‍ നടന്ന ഉരുള്‍പൊട്ടലിന് കാരണക്കാരായവര്‍ക്കെതിരേ  നടപടി സ്വീകരിക്കണമെന്നും കട്ടിപ്പാറ പഞ്ചായത്ത് ഭരണകൂടത്തിന് ഇക്കാര്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കട്ടിപ്പാറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായാണ് കരിഞ്ചോല മലയില്‍ നിര്‍മാണ പ്രവൃത്തി നടന്നത്.
മലപ്പുറം ജില്ലക്കാരായ ഇവര്‍ക്ക് പ്രാദേശിക ഭരണകൂടത്തിന്റെ സഹായമില്ലാതെ നിര്‍മാണപ്രവൃത്തി നടത്താന്‍ കഴിയില്ല. സംസ്ഥാനത്തെങ്ങും ക്വാറി മാഫിയകള്‍ നടത്തുന്ന പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ക്വാറി മാഫിയകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ തുടരുന്നതെന്നും സുധീരന്‍ പറഞ്ഞു.
പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ കക്കാടംപൊയിലില്‍ നടക്കുന്ന അനധികൃത പാര്‍ക്ക് ഈ ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം പൊളിച്ചു നീക്കണം. കരിഞ്ചോല മലയിലെ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന ആളുകള്‍ക്ക് ആവിശ്യമായ സഹായങ്ങള്‍ ഉടന്‍ നല്‍കണമെന്നും ഇവിടേക്ക് സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ദുരന്തം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി കാണുന്നില്ല. ജനങ്ങള്‍ ഇപ്പോഴും ഭയപ്പാടിലാണ്. ഉടുതുണിക്ക് അറുതുണിയില്ലാത്ത അവസ്ഥയാണ് ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ക്കുള്ളത്. നഷ്ടം സംഭവിച്ചത് സംബന്ധിച്ച് കൃത്യമായ നടപടിയുണ്ടാവണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top