ഉരുട്ടിക്കൊല: പ്രത്യേക കോടതിവിധി ഒരു താക്കീത്

പതിമൂന്നു വര്‍ഷം മുമ്പ് തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ വച്ച് ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ചു പോലിസുകാരില്‍ രണ്ടു പേര്‍ക്ക് സിബിഐ പ്രത്യേക കോടതി വധശിക്ഷയും മൂന്നു മുതല്‍ ആറു വരെ പ്രതികള്‍ക്ക് തടവുശിക്ഷയും വിധിച്ചിരിക്കുന്നു.
2005 സപ്തംബറിലാണ് ഉദയകുമാറിനെ മോഷണക്കുറ്റം ആരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത് ഇരുമ്പു പൈപ്പ് അടക്കമുള്ള പീഡനോപകരണങ്ങള്‍ ഉപയോഗിച്ച് മര്‍ദിച്ചു കൊന്നത്. ഒന്നും രണ്ടും പ്രതികളായിരുന്നു ഉരുട്ടല്‍ വിദഗ്ധന്മാര്‍. ബാക്കിയുള്ള പ്രതികളൊക്കെ കൊലപാതകികള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. ഒട്ടേറെ സ്ഥലങ്ങളില്‍ തപ്പിത്തടഞ്ഞ് ഇഴഞ്ഞുനീങ്ങിയ ഉരുട്ടിക്കൊലക്കേസ് അന്വേഷണം ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നിശ്ചയദാര്‍ഢ്യം മൂലമാണ് അവസാനം സിബിഐ ഏറ്റെടുത്തു വിചാരണ സിബിഐ കോടതിയില്‍ എത്തിയത്.
ഉദയകുമാറിനെ കസ്റ്റഡിയില്‍ വച്ച് അതികഠിനമായി പീഡിപ്പിച്ചതു മൂലമാണ് അയാള്‍ കൊല്ലപ്പെട്ടതെന്നാണ് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയത്. ഉദയകുമാറിനെ പീഡിപ്പിക്കുന്നതിനു ദൃക്‌സാക്ഷിയായ ഒരു പ്രോസിക്യൂഷന്‍ സാക്ഷി അവസാന ഘട്ടത്തില്‍ കൂറുമാറിയെങ്കിലും അതുകൊണ്ട് പ്രതികള്‍ക്ക് ഗുണമൊന്നും ഉണ്ടായില്ല. ഉദയകുമാര്‍ മരിച്ചത് ഉരുട്ടുമ്പോള്‍ തുടയിലെ ധമനികള്‍ പൊട്ടിയതുകൊണ്ടാണെന്നും അയാളുടെ ശരീരത്തില്‍ അനേകം പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കുന്ന ഫോറന്‍സിക് തെളിവുകള്‍ ഉണ്ടായിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പോലിസ് പീഡനം കുറവാണെന്നു തോന്നുമെങ്കിലും സൂക്ഷ്മപരിശോധനയില്‍ അതത്ര ശരിയല്ലെന്നു സൂചിപ്പിക്കുന്ന കണക്കുകളാണ് നമ്മുടെ മുമ്പിലുള്ളത്. ക്രിമിനല്‍ കേസില്‍ പ്രതികളായ 1129 പോലിസുകാര്‍ ഉണ്ടെന്നാണ് ഏപ്രിലില്‍ ആഭ്യന്തര വകുപ്പ് തന്നെ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തിയത്. എല്‍ഡിഎഫ് അധികാരമേറിയ ശേഷം ഒരു ഡസനിലധികം കസ്റ്റഡി മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം അതില്‍ ഏറ്റവും അവസാനത്തേത് മാത്രം. വലിയ അധികാരം ഉള്ളതുകൊണ്ടും ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നതുകൊണ്ടും പോലിസ് ഇപ്പോഴും ഭരണവര്‍ഗത്തിന്റെ മര്‍ദനോപകരണമായി തന്നെയാണ് നിലനില്‍ക്കുന്നത്.
ഒരാളെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് സുപ്രിംകോടതി നല്‍കിയ ഉത്തരവ് പോലിസ് സ്‌റ്റേഷന്റെ ചുവരുകളില്‍ ഫ്രെയിം ചെയ്തു തൂക്കിയിടാറുണ്ട്. എന്നാല്‍, കസ്റ്റഡി മരണങ്ങള്‍ കോടതിയിലെത്തുന്നതും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതും അപൂര്‍വമാണ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2017 ഏപ്രിലിനും 2018 ഫെബ്രുവരിക്കും ഇടയ്ക്ക് 144 പേര്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ചെങ്കിലും അതില്‍ വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമാണ് കോടതിയിലെത്തിയത്.
ഉദയകുമാര്‍ കേസിലെ വിധി കൊലപാതകം അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നതിന് അധികാരം രക്ഷാകവചമാവുമെന്നു കരുതുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വലിയൊരു താക്കീതാണ് എന്നതില്‍ സംശയമില്ല.

RELATED STORIES

Share it
Top