ഉയര്‍ന്ന വില പ്രതീക്ഷയില്‍ കപ്പ വിളവെടുപ്പ് തുടങ്ങിമാനന്തവാടി: വിപണിയില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വില ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍  കപ്പ വിളവെടുപ്പ് ആരംഭിച്ചു. മാര്‍ക്കറ്റില്‍ കിലോയ്ക്ക് 30 രൂപ വരെ വില ഉയര്‍ന്നപ്പോള്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 16 മുതല്‍ 20 രൂപ വരെയാണ് ലഭിക്കുന്നത്. മറ്റ് കൃഷിയെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതും കുറഞ്ഞ കാലം കൊണ്ട് വിളവെടുപ്പിന് പാകമാവുന്നതുമായ കൃഷിയായതിനാല്‍ ജില്ലയില്‍ നിരവധി കര്‍ഷകരാണ് ഈ വര്‍ഷം കപ്പ കൃഷിയിറക്കിയത്. വയലുകളിലും കരയിലുമായി കൃഷി ചെയ്തവരുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പ്രധാനമായി കര്‍ണാടകയില്‍ നിന്നാണ് ജില്ലയിലേക്ക് വ്യാപകമായി കപ്പ എത്തിയിരുന്നത്. എന്നാല്‍, കര്‍ണാടകയില്‍ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കപ്പ കൃഷി വ്യാപകമല്ലാത്തതും കൃഷി നശിച്ചതും വയനാട്ടിലെ കര്‍ഷകര്‍ക്ക് ഗുണകരമായി. ശക്തമായ മഴയ്ക്കു മുമ്പായി വയലുകളിലെയും കരയിലെയും കപ്പ പൂര്‍ണമായി വിളവെടുക്കും. മഴ ശക്തമാവുന്നതോടെയാണ് ജില്ലയില്‍ കപ്പയുടെ വിലയില്‍ ഇടിവുണ്ടാവാറ്. മുന്‍വര്‍ഷം ഇത് 20 രൂപ വരെ മാത്രമാണ് താഴ്ന്നത്. എന്നാല്‍, രണ്ടുവര്‍ഷം മുമ്പ് വരെ കിലോയ്ക്ക് അഞ്ചു രൂപ പോലും കര്‍ഷകര്‍ക്ക് ലഭിക്കാതെ വന്‍ നഷ്ടത്തിലായ സാഹചര്യവുമുണ്ടായിരുന്നു. ഇതോടെ കര്‍ഷകര്‍ കപ്പ കൃഷിയില്‍ നിന്നു പിന്‍വാങ്ങിയിരുന്നു. വില കൂടിയതോടെ വീണ്ടും കൃഷിയിലേക്കിറങ്ങുകയാണുണ്ടായത്. കഴിഞ്ഞ ദിവസം ജില്ലയിലുണ്ടായ ശക്തമായ മഴയും കാറ്റും മൂലം ഏക്കര്‍ കണക്കിന് കപ്പ നശിച്ചു. ഇതോടെ കര്‍ഷകര്‍ കപ്പ കൂട്ടത്തോടെ പറിച്ചത് വിലയില്‍ ചെറിയ ഇടിവുണ്ടാക്കിയതായി കച്ചവടക്കാര്‍ പറയുന്നു. തുടര്‍ച്ചയായി നല്ല വില ലഭിക്കുന്നതിനാല്‍ നിരവധി കര്‍ഷകരാണ് കപ്പ കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ വില വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കപ്പ കര്‍ഷകര്‍ വിളവെടുപ്പ് ആരംഭിച്ചത്.

RELATED STORIES

Share it
Top