ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: മകനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

പെരിന്തല്‍മണ്ണ: ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തി ല്‍ അറസ്റ്റിലായിരുന്ന മാനസിക വിഭ്രാന്തിയുള്ള മകനെ  വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ആനമങ്ങാട് മണലായ സെന്ററിലെ പൂക്കാട്ട്‌തൊടി നൗഷാദ് (35)നെയാണ് ഇന്നലെ പെരിന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണക്ക് ശേഷം കുതിരവട്ടത്തേക്ക് മാറ്റിയത്. ഞായറാഴ്ച സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ രോഗം സ്ഥിരീകരിക്കുന്നതിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്കയക്കാനായിരുന്നു നിര്‍ദേശിച്ചത്.
ഇവിടെ നിന്നും വിദഗ്ധ പരിശോധനക്കുശേഷം  മനോരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായി കണ്ടെത്തി ഡോക്ടര്‍മാര്‍ തിരിച്ചയക്കുകയായിരുന്നു. ഇതോടെയാണ് കോടതി നിര്‍ദേശപ്രകാരം ഇന്നലെ ഉച്ചക്ക് ശേഷം മൂന്നോടെ പെരിന്തല്‍മണ്ണ സി ഐ  ടിഎസ് ബിനു മുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 9:45ഓടെയാണ് വാക്കുതര്‍ക്കത്തിനിടെ പ്രകോപിതനായ നൗഷാദ്   മാതാവ് മണലായയിലെ പൂക്കാട്ട്‌തൊടി ഹംസയുടെ ഭാര്യ നബീസ (55)നെ വെട്ടിപരിക്കേല്‍പ്പിച്ചത്.
വെട്ടേറ്റ ഇവരെ ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവില്‍ നിന്നും രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.

RELATED STORIES

Share it
Top