ഉമ്മയുടെ മുഖം ഒരുനോക്കുകാണാന്‍ പ്രാര്‍ഥനയുമായി ജംഷിദ്

താമരശ്ശേരി: പോറ്റിവളര്‍ത്തിയ ഉമ്മയുടെ മുഖം അവസാനമായി ഒന്നുകാണാനുള്ള പ്രാര്‍ഥനയുമായി കരിഞ്ചോല ജംഷിദ്. ഇന്നലെ അയല്‍വാസിയും ഉമ്മയുടെ കൂട്ടുകാരിയുമായ ഹസന്റെ ഭാര്യ ആസിയയുടെ മൃതദേഹം കണ്ടെടുത്തതോടെ ഏറെ പ്രതീക്ഷയിലായിരുന്നു ഈ യുവാവ്. എന്നാല്‍, രാത്രിയോടെ ആ പ്രതീക്ഷയും അസ്തമിച്ച ജംഷിദ് മനമില്ലാമനസ്സോടെയാണ് ദുരന്തഭൂമിയില്‍ നിന്നു പുറത്തേക്കു പോയത്. ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട കരിഞ്ചോല ഉമ്മിണി അബ്ദുര്‍റഹ്മാന്റെ ഇളയ മകനാണ് ജംഷിദ്. ദുബയില്‍ ജോലി ചെയ്യുന്ന ജംഷിദ് കുടുംബത്തിന്റെ ദുരന്തമറിഞ്ഞാണ് വ്യാഴാഴ്ച രാത്രി നാട്ടില്‍ എത്തിയത്. ദുരന്തത്തില്‍ പിതാവിനു പുറമേ മാതാവ് നഫീസ, മൂത്ത സഹോദരന്‍ ജാഫര്‍, സഹോദരഭാര്യ ഹന്നത്ത്, മക്കളായ മുഹമ്മദ് ജസീം, ഫിദ എന്നിവരാണ് ഉള്‍പെട്ടത്. ഇവരില്‍ കുട്ടികള്‍ മാത്രം രക്ഷപ്പെടുകയായിരുന്നു. സഹോദരി ബുഷ്‌റ കാന്തപുരത്തെ ഭര്‍ത്തൃവീട്ടിലായിരുന്നതും തുണയായി. പ്രവാസിയായ ജാഫര്‍ മാതാപിതാക്കളോടൊപ്പം പെരുന്നാള്‍ കൂടാനാണ് നാട്ടിലെത്തിയത്. പുതിയ വീടുവച്ചു താമസിച്ചുവരുന്നതിനിടയില്‍ ഉറ്റവര്‍ മരണത്തിനു കീഴടങ്ങിയത് ജംഷിദിന് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല. തനിക്കിനി സഹോദരന്റെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും മാത്രമാണെന്ന ചിന്ത കൂട്ടുകാരുടെ ആശ്വാസവാക്കുകള്‍ക്കു പോലും മായ്ക്കാന്‍ കഴിയുന്നില്ല.

RELATED STORIES

Share it
Top