ഉമ്മക്കട

സ്ഥലപ്പേരുകള്‍ മാറ്റുന്നതിനു പിന്നിലെ രാഷ്ട്രീയത്തെപ്പറ്റി എല്ലാവര്‍ക്കും അറിയാം. ബിജെപി സര്‍ക്കാര്‍ ഈ രാഷ്ട്രീയം പ്രയോഗിക്കാന്‍ മിടുക്കന്മാരുമാണ്. എന്നാല്‍, സ്ഥലനാമങ്ങള്‍ രൂപപ്പെടുന്നതിന്റെ ചരിത്രവും മനശ്ശാസ്ത്രവും ആരെങ്കിലും ഓര്‍ക്കാറുണ്ടോ? വിചിത്രമായ സ്ഥലനാമങ്ങളുള്ള പ്രദേശമാണ് കേരളം. 'ശ്രീസ്ഥ'യും 'മാന്തുക'യുമൊക്കെ ഉദാഹരണങ്ങള്‍. ഇംഗ്ലീഷുകാര്‍ തങ്ങളുടെ നാവിനു വഴങ്ങുന്ന തരത്തില്‍ അവയെ മാറ്റുകയും ചെയ്തു. ഇടുക്കി ജില്ലയില്‍ തങ്കമണി, രാജകുമാരി തുടങ്ങിയ പെണ്‍പേരില്‍ അറിയപ്പെട്ട ചില പ്രദേശങ്ങളുണ്ട്. അതിലേറെ രസകരം, അതതിടങ്ങളില്‍ കച്ചവടം നടത്തിയ ആളുകളുടെ പേരില്‍ പ്രസ്തുത പ്രദേശങ്ങള്‍ അറിയപ്പെട്ടു എന്നതാണ്.
അങ്ങനെയാണ് ലബ്ബക്കടയും സുമതിക്കടയും ഒറ്റക്കടയും സുല്‍ത്താന്‍കടയുമെല്ലാം ഇടുക്കിയിലെ സ്ഥലനാമങ്ങളായത്. ഈയിടെ നിപാ പനിബാധയുണ്ടായ സൂപ്പിക്കട പക്ഷേ മലബാറിലാണ്. മലപ്പുറം ജില്ലയിലൊരു സമൂസപ്പടിയുണ്ട്. റമദാന്‍ കാലത്ത് സമൂസക്കച്ചവടം പൊടിപൊടിക്കുന്ന സ്ഥലമാണ് അവിടം. ഇടുക്കിയിലെ തന്നെ മറ്റൊരു സ്ഥലനാമമാണ് ഉമ്മക്കട. അതൊരു ചെറുപട്ടണമാണ്. നബീസയുമ്മ എന്ന സ്ത്രീ കട നടത്തിയ സ്ഥലം ഉമ്മക്കടയായി. അതിനു ചുറ്റും ഒരു പട്ടണം വളര്‍ന്നുവന്നു.
ബിജെപി സര്‍ക്കാരിന് പ്രസ്തുത സ്ഥലനാമത്തിലെ ഉമ്മയെന്ന ഭാഗം നീക്കാന്‍ വല്ല പദ്ധതിയുമുണ്ടോ ആവോ!

RELATED STORIES

Share it
Top