ഉമര്‍ ഫൈസിക്കെതിരേ നടപടിയില്ല; ലീഗ് നീക്കം വിഫലം

കെ  പി  ഒ  റഹ്മത്തുല്ല
മലപ്പുറം: സുന്നി ഐക്യശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഉമര്‍ ഫൈസി മുക്കത്തെ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) സംസ്ഥാന ജന. സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കാനുള്ള മുസ്്‌ലിം ലീഗിന്റെ ശ്രമം പാളി. ഇന്നലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയിലെ ലീഗ് നേതാക്കളുടെ ആശിര്‍വാദത്തോടെ പാണക്കാട്ട് വിളിച്ചുചേര്‍ത്ത യോഗം ഭൂരിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടിയെടുക്കാതെ പിരിഞ്ഞു.
ജൂലൈ 2ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസിയെക്കൊണ്ട് ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. ജന. സെക്രട്ടറി ഉമര്‍ ഫൈസിയെ അറിയിക്കാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വച്ചതിനെതിരേ യോഗത്തില്‍ ശക്തമായ വിമര്‍ശനമാണുയര്‍ന്നത്. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് കുടുംബാംഗങ്ങളെ വിമര്‍ശിക്കുകയും സുന്നി ഐക്യത്തിനും വഖ്ഫ് അദാലത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ലീഗിലെ ഒരുവിഭാഗം നേതാക്കള്‍ ഫൈസിക്കെതിരേ രംഗത്തുവന്നത്. സമസ്ത കേന്ദ്ര മുശാവറ കമ്മിറ്റിയംഗംകൂടിയായ ഉമര്‍ ഫൈസിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ വേണ്ടിയാണ് ഇന്നലെ യോഗം വിളിച്ചുചേര്‍ത്തത്. എസ്എംഎഫുമായി ഒരു ബന്ധവുമില്ലാത്ത ലീഗ് നേതാക്കളെ വരെ യോഗത്തിലേക്കു ക്ഷണിച്ചിരുന്നു. യോഗത്തിനു മുമ്പ് സമസ്തയിലെ ലീഗ് അനുകൂലികള്‍ പാണക്കാട്ട് പ്രത്യേക യോഗം ചേര്‍ന്നു.
ജനറല്‍ സെക്രട്ടറി അറിയാതെ സംഘടനാ ചട്ടങ്ങള്‍ മറികടന്ന് പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നതിലുള്ള അതൃപ്തി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഹൈദരലി തങ്ങളെ അറിയിച്ചിരുന്നു. മുസ്്‌ലിംലീഗ് എതിര്‍ക്കുകയും മധ്യസ്ഥനായ സാദിഖലി ശിഹാബ് തങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തിട്ടും സുന്നി ഐക്യത്തിനു വേണ്ടി കാന്തപുരം വിഭാഗവുമായി മൂന്നുതവണ ഉമര്‍ ഫൈസി ഉള്‍പ്പെട്ട സംഘം ചര്‍ച്ചകള്‍ നടത്തിയിരുന്നു. സമസ്തയുടെ പോഷകസംഘടനകളില്‍  ഇടപെടാന്‍ അനുവദിക്കില്ലെന്ന്  എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.

RELATED STORIES

Share it
Top