ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം ജെഎന്‍യു സ്വീകരിച്ചില്ല

ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം സര്‍വകലാശാലാ അധികൃതര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു. രാജ്യദ്രോഹ പ്രവൃത്തികള്‍ ചെയ്തുവെന്ന് ആരോപിച്ച് ഉമര്‍ ഖാലിദ് അടക്കമുള്ള വിദ്യാര്‍ഥികളുടെ പ്രബന്ധങ്ങള്‍ സ്വീകരിക്കാന്‍ സര്‍വകലാശാല വിസമ്മതിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു പിഎച്ച്ഡി ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. തിങ്കളാഴ്ച സര്‍വകലാശാലയില്‍ എത്തി പ്രബന്ധങ്ങള്‍ സമര്‍പ്പിച്ചെങ്കിലും അധികൃതര്‍ സ്വീകരിക്കാന്‍ തയ്യാറിയില്ലെന്ന് ഉമര്‍ ഖാലിദ് അറിയിച്ചു.
2016 ഫെബ്രുവരി ഒമ്പതിന് സര്‍വകലാശാലാ കാംപസില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച്് ഉമര്‍ ഖാലിദിനും കനയ്യ കുമാറടക്കമുള്ള മറ്റു വിദ്യാര്‍ഥി നേതാക്കള്‍ക്കുമെതിരേ പോലിസ് കേസെടുത്തിരുന്നു.  ഇത് ചൂണ്ടിക്കാണിച്ചാണു സര്‍വകലാശാലാ അധികൃതരുടെ നടപടി.
നേരത്തെ സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരേ സര്‍വകലാശാല ഭീമമായ പിഴ ചുമത്തിയിരുന്നു. അച്ചടക്ക ലംഘനം ആരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് നാലുലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
ജെഎന്‍യു നടപടിക്കെതിരേ കനയ്യ കുമാര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിരുന്നു. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തിനു പ്രബന്ധം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നു. പിഴ നല്‍കാത്തതിനാല്‍ വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡന്റ് സിമന്‍ സോയ ഖാന്റെ ഗവേഷണ പ്രബന്ധത്തിനു രജിസ്‌ട്രേഷന്‍ അനുവദിച്ചിരുന്നില്ല.

RELATED STORIES

Share it
Top