ഉഭയകക്ഷി ചര്‍ച്ച: സാധ്യത ആരാഞ്ഞ് മോദിക്ക് ഇംറാന്‍ ഖാന്റെ കത്ത്‌

ന്യൂഡല്‍ഹി: ഇന്ത്യയുമായി ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് സായുധാക്രമണം അടക്കമുള്ള വിഷയങ്ങളില്‍ വിദേശകാര്യ മന്ത്രിതല ചര്‍ച്ചയ്ക്കുള്ള സാധ്യത ഇംറാന്‍ ആരാഞ്ഞതെന്നു ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കഴിഞ്ഞദിവസം അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്‌സിലെ സൈനികര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് പാക് പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. പാകിസ്താനും ഇന്ത്യയും തമ്മില്‍ അടുത്ത ബന്ധമാണ് വേണ്ടത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ജമ്മു കശ്മീര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് പാകിസ്താനിലെ പുതുതലമുറ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങള്‍ തമ്മില്‍ പാലം തീര്‍ക്കുന്നതിലൂടെ ഗുണകരമായ ഭാവിയാണ് ആഗ്രഹിക്കുന്നതെന്നും ഇംറാന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് ഇന്ത്യയുടെ മറുപടി കാത്തിരിക്കുന്നുവെന്ന് പാകിസ്താന്‍ പ്രതികരിച്ചു. മറുപടി ഉടന്‍ കിട്ടുമെന്നാണു പ്രതീക്ഷയെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

RELATED STORIES

Share it
Top