ഉപ്പുവെള്ള ഭീഷണി: തടയണ നിര്‍മാണത്തിന് ഡ്രഡ്ജര്‍ എത്തി

മാളഃ കണക്കന്‍കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ റഗുലേറ്ററില്‍ ചോര്‍ച്ച മൂലം വേലിയേറ്റത്തില്‍ കയറുന്ന ഉപ്പു ജലം കാര്‍ഷിക മേഖലക്ക് ഭീഷണിയായതിനു പരിഹാരമായി തടയണ നിര്‍മ്മാണത്തിന് ഡ്രഡ്ജര്‍ എത്തി. ആലപ്പുഴയില്‍ നിന്നെത്തിയ ഡ്രഡ്ജറിനെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്നുതന്നെ തടയണ നിര്‍മ്മാണത്തിന് തുടക്കമാവും. ഇതോടെ പുഴയെ രണ്ടായി തിരിക്കും. കുണ്ടൂര്‍, ആലമറ്റം, കൊച്ചുകടവ് മേഖലകളിലെ ഹെക്ടര്‍ കണക്കിന് കൃഷിയാണ് ഉപ്പുവെള്ളം കയറി നശിക്കുന്നത്. കുണ്ടൂര്‍ ആലമറ്റം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പമ്പിംഗ് കേന്ദ്രങ്ങള്‍ കൃഷിയിടത്തിലേക്ക് വെള്ളം എടുക്കുന്നത് നിറുത്തിയതായി നാട്ടുകാരില്‍ നിന്നും പരാതി ഉയരുന്നു. അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയെ ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തി. മാള ബ്ലോക്കിലെ ഏറ്റവും വലിയ കാര്‍ഷിക മേഖലയാണിത്. ചാലക്കുടി പുഴക്കു കുറുകെയാണ് കണക്കന്‍ കടവ് പാലം. റഗുലേറ്റര്‍ തകരാര്‍ പരിഹരിക്കേണ്ടത് എറണാകുളം ജില്ലാ ഭരണ കേന്ദ്രമാണ്. അടിയന്തിര പ്രാധാന്യത്തോടെ പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തണമെന്ന് കുഴൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് കാച്ചപ്പിള്ളിയുടെയും മറ്റും നേതൃത്വത്തില്‍ നടത്തിയ പരിശ്രമമാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം താല്‍ക്കാലിക തടയണയുടെ നിര്‍മ്മാണം വൈകിയതോടെ കോട്ടപ്പുറം കായലില്‍ നിന്നുമുള്ള ഉപ്പുവെള്ളം പുഴയിലേക്ക് വന്‍തോതില്‍ കയറിയിരുന്നു. ഇതുമൂലം മാള, കൊടുങ്ങല്ലൂര്‍, പുത്തന്‍വേലിക്കര, കണക്കന്‍കടവ് മേഖലകളിലേയും പാറക്കടവ്, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളിലേയും കുടിവെള്ളം മുട്ടിയിരുന്നു. കിണറുകളിലെല്ലാം ലവണാംശം കലര്‍ന്നതോടെ മാസങ്ങള്‍ നീണ്ട ദുരിതമായിരുന്നു. നെല്ല്, വാഴ, ജാതി, തെങ്ങ്, കവുങ്ങ്, പച്ചക്കറി തുടങ്ങിയ കാര്‍ഷീക വിളകളും വന്‍തോതില്‍ നശിച്ചതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. അന്നത്തെ നഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ പലരും കാര്‍ഷിക മേഖലകളില്‍ നിന്നും മാറി നില്‍ക്കണമെന്ന ചിന്തയിലാണ്. സ്ഥിര സംവിധാനമായ കണക്കന്‍കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ റഗുലേറ്ററിന്റെ അറ്റകുറ്റ പണികള്‍ സമയബന്ധിതമായി തീര്‍ക്കുകയും അവയിന്‍മേലുള്ള ശ്രദ്ധ നിരന്തരമുണ്ടാകാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര നടപടികള്‍ വേണമെന്ന ആവശ്യവും വ്യാപകമായി ഉയരുന്നുണ്ട്.

RELATED STORIES

Share it
Top