ഉപ്പുതറയിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പീരുമേട്ടില്‍ ജനകീയ മാര്‍ച്ചും ധര്‍ണയുംപീരുമേട്: ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ഉപ്പുതറ കര്‍ഷക സംരക്ഷണ സമിതി പീരുമേട് താലുക്ക് ഓഫിസിലേക്ക് കര്‍ഷക മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ ഗ്രാമമായ ഉപ്പുതറയിലെ കര്‍ഷകര്‍ക്ക് ഉപാധി രഹിതമായി കരം അടക്കുന്നതിനോ പോക്കുവരവ് ചെയ്യുന്നതിനോ മറ്റു വില്ലേജ് രേഖകള്‍ ലഭിക്കുന്നതിനോ ഉള്ള സാഹചര്യമില്ല.അതിനാല്‍ 1916 മുതല്‍ കൈവശത്തിലുള്ള ഭൂമിയില്‍ വീട് പണിയുന്നതിനുള്ള അനുവാദം കിട്ടാതെയും ബാങ്കുകളില്‍ നിന്നും വായ്പ കിട്ടാതെയും വരുന്നു. വന്‍കിട തോട്ടങ്ങളില്‍ പെട്ട മിച്ച ഭൂമി കണ്ടെത്തുന്നതിനു നിയോഗിച്ച രാജമാണിക്കം റിപ്പോര്ട്ടിനെ തുടര്‍ന്ന് 2015 ഫെബ്രുവരി 16നു ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഉപ്പുതറയിലെ കര്‍ഷകരുടെ ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.പത്തുചെയിനില്‍ പെട്ട ഈ പ്രദേശത്തെ നൂറ്റിയെട്ട് കുടുംബങ്ങള്‍ക്ക് പട്ടയം കിട്ടുന്നതും അനിശ്ചിതത്തിലാണ്. ഉപ്പുതറ ടൌണ്‍ ഉള്‍പ്പെടുന്ന സര്‍വേ നമ്പര്‍ 339ല്‍ പെട്ട ഭൂമി സര്‍ക്കാര്‍ പുറംമ്പോക്കാണെന്ന കലക്ടറുടെ മറുപടിയും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. ഇതിനു ശാശ്വത പരിഹാരം തേടിയാണ് ഉപ്പുതറ കര്‍ഷക സംരക്ഷണ സമിതി സമരം ചെയ്യുന്നത്. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് സജിമോന്‍ ഉദ്ഘാടനം ചെയ്തു. സാബു വേങ്ങവേലില്‍ അധ്യക്ഷത വഹിച്ചു.ജയിംസ് അമ്പാട്ട്, പോള്‍ തോമസ്, ഷിബു കെ തമ്പി, ബിജു പോള്‍, വി എം ജോണ്‍, ടോമി കണാകാലില്‍, ജോര്‍ജ്, സന്തോഷ് കൃഷ്ണന്‍, ജി ഷാജി, വി എ ഹനിഫ, തങ്കച്ചന്‍ പന്നംകുഴിയില്‍, ഗീതാ അജയന്‍, രാജന്‍ തുഷാര, ജോസ്‌കുട്ടി സംസാരിച്ചു.

RELATED STORIES

Share it
Top