ഉപ്പളയില്‍ പോലിസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സാധ്യതഉപ്പള: ജില്ലയില്‍ ക്രമസമാധാനപാലന രംഗത്ത് ഏറെ വെല്ലുവിളി നേരിടുന്ന ഉപ്പള ആസ്ഥാനമായി പോലിസ്  സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള സാധ്യത തെളിയുന്നു. കഴിഞ്ഞ ദിവസം നിയമസഭയില്‍ പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയില്‍  ഉപ്പള പോലിസ് സ്റ്റേഷന്‍ തുടങ്ങുന്നതിനുള്ള നടപടി ആരംഭിക്കാന്‍ ഡിജിപി യെ ചുമതപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. കൊലപാതകം, കള്ളകടത്ത്, മയക്കുമരുന്ന് കച്ചവടം, മണല്‍ കോഴികടത്തല്‍, ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍ തുടങ്ങി ക്രമസമാധന പരിപാലനത്തിന് തന്നെ ഏറെ പ്രയാസം നേരിടുന്ന പ്രദേശമാണ് ഉപ്പള. ഇവിടെ ഏറ്റമുട്ടലോ പ്രശ്‌നങ്ങളെ ഉണ്ടായാല്‍ മഞ്ചേശ്വരത്ത് നിന്നോ കുമ്പളയില്‍ നിന്നോ പോലിസ് എത്തുമ്പോഴേക്കും കര്‍ണാടകയിലേക്ക് ഗുണ്ടാസംഘം കടക്കും. അതുകൊണ്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉപ്പള പോലിസ് സ്റ്റേഷന്‍ തുടങ്ങുമെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കര്‍ണാടകയിലെ മംഗളുരുവു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരവധി ക്വട്ടേഷന്‍ സംഘങ്ങളുടെ താവളം കൂടിയാണ് ഉപ്പള. മണല്‍ കോഴിക്കടത്ത് സംഘങ്ങള്‍ പകല്‍ സമയങ്ങളില്‍ പോലും തോക്കുമായി എത്തി വെടി ഉതിര്‍ത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തി പോവുന്നത് ഈ പ്രദേശങ്ങളിലെ പതിവ് സംഭവമാണ്.  കൊലപാതകങ്ങളും സംഘര്‍ഷങ്ങളും കാരണം ജനം ഭീതിയിലാണ്. അടുത്ത കാലത്ത് മണല്‍  മാഫിയ, ക്വട്ടേഷന്‍സംഘങ്ങള്‍ നിരവധി സംഘര്‍ഷങ്ങളണ് ഈ ഭാഗങ്ങളില്‍ നടത്തുന്നത്. കുമ്പള പോലിസ് സ്‌റ്റേഷന്‍ കഴിഞ്ഞാല്‍ കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി വരെയുള്ള പരിധി മഞ്ചേശ്വരം പോലിസ് സ്‌റ്റേഷനാണ്. എന്നാല്‍ ഏറ്റവും വലിയ അന്തര്‍  സംസ്ഥാന ക്രിമിനലുകള്‍ തമ്പടിച്ചിരിക്കുന്നത്  കുമ്പള മഞ്ചേശ്വരം പോലിസ് സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ഉപ്പളയിലും പരിസരങ്ങളിലുമാണ്.  എന്നാല്‍ ഇവരെ നിരീക്ഷിക്കാനും പിടികൂടാനും രണ്ട് പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ പെടുന്ന സ്ഥലമായതിനാല്‍ പോലിസിനും എളുപ്പത്തില്‍ എത്തിച്ചേരാനും കഴിയുന്നില്ല. ഇത്. ആക്രമികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകരമാവുന്നുണ്ട്. പൊതുജനങ്ങളും വിവിവ സംഘടനകളും ഉപ്പളയില്‍ പോലിസ്  സ്‌റ്റേഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്് നിരവധി തവണ നിവേദനം നല്‍കിയിരുന്നു. ജനജീവിതം ദുസഹമാക്കുന്ന സാമൂഹിക ദ്രോഹികള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് അബ്ദുര്‍റസാഖ് എംഎല്‍എ സബ് മിഷനിലൂടെ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top