ഉപേക്ഷിച്ച ബൈക്കില്‍ നിന്ന് നാണയങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയത് ദുരൂഹത പരത്തി

നാദാപുരം: വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്ക് പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ ബൈക്കിലെ ബാഗില്‍ നിന്ന് നാണയ തുട്ടുകളും,വസ്ത്രങ്ങളും ലഭിച്ചത് ദുരൂഹതക്കിടയാക്കി.
കല്ലാച്ചിയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം.കല്ലാച്ചി ടൗണില്‍ വാഹന പരിശോധനക്കിടെയാണ് നാദാപുരം ഭാഗത്ത് നിന്ന് കുറ്റിയാടി ഭാഗത്തേക്ക് അമിത വേഗതയില്‍ വരികയായിരുന്ന ബൈക്കിന് കണ്‍ട്രോള്‍ റൂം പോലിസ് സിഗ്‌നല്‍ നല്‍കി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.എന്നാല്‍ ബൈക്ക് ഓടിച്ച് പോവുകയായിരുന്നു.
പോലിസ് പിന്തുടര്‍ന്നപ്പോള്‍ ചേലക്കാട് ഫയര്‍ഫോഴ്‌സ് കെട്ടിടത്തിന് മുന്‍ വശം റോഡില്‍ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരന്‍ സമീപത്തെ പറമ്പിലൂടെ ഓടി മറയുകയും ചെയ്തു.പോലിസ് യുവാവിന് പിന്നാലെ ഓടിയെങ്കിലും ഇയാളെ പിടികൂടാനായില്ല.
കെ എല്‍ 11 എ ജെ 5162 നമ്പര്‍ ബൈക്കില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍ സൂക്ഷിച്ച കവറില്‍ നിന്ന് പത്ത്, ഇരുപത് രൂപയുടെ നോട്ടുകളുമടക്കം അറുനൂറില്‍ പരം രൂപയുടെ ചില്ലറ നാണയങ്ങളും കണ്ടെത്തി.കൂടാതെ മുഷിഞ്ഞ രണ്ട് ജോഡി വസ്ത്രങ്ങളും കണ്ടെത്തി.
മേഖലയില്‍ എവിടെയോ ഭണ്ഡാരങ്ങളൊ മറ്റൊ കവര്‍ച്ച നടത്തിയതായാണ് സംശയമെന്ന് പോലിസ് പറഞ്ഞു. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് പോലിസ് കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ ഉടമയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായുംപോലിസ് അറിയിച്ചു.

RELATED STORIES

Share it
Top