ഉപേക്ഷിക്കപ്പെട്ട ബൈക്കില്‍ ദുരൂഹതയേറുന്നു

പൊന്നാനി: പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്കിന് ഇതുവരെ ഉടമയെത്തിയില്ല. ഇതോടെ മഴയും വെയിലുമേറ്റ് പുല്‍പടര്‍പ്പുകള്‍ മൂടിത്തുടങ്ങിയ വാഹനം സംബന്ധിച്ച് ദുരൂഹത വര്‍ധിക്കുന്നു. നടുവട്ടം നെല്ലിശ്ശേരി റോഡില്‍ പറൂപ്പാടം ഫത്ഹ് പള്ളിക്കു സമീപം ഒരു മാസത്തോളമായി നിര്‍ത്തിയിട്ട ബൈക്കാണ് സംശയങ്ങളുണര്‍ത്തുന്നത്.
കഴിഞ്ഞ മാസം 27 മുതലാണു വാഹനം കാണപ്പെട്ടത്. യന്ത്രത്തകരാറാണെന്നു കരുതി കാര്യമാക്കിയില്ലങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരുമെത്താത്തതിനെ തുടര്‍ന്ന്  നാട്ടുകാര്‍ ചങ്ങരംകുളം പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. അധികൃതരെത്തി പരിശോധിച്ചെങ്കിലും ഉടമ വരുമെന്ന പ്രതീക്ഷയില്‍ കുറച്ച് ദിവസം കൂടി കാത്തിരിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ആഴ്ചകള്‍ കഴിഞ്ഞിട്ടും അവകാശികള്‍ എത്താത്തത് ആശങ്കയ്ക്കു വക നല്‍കിയിരിക്കുകയാണ്.
ഏതെങ്കിലും കുറ്റകൃത്യവുമായി ബൈക്കിന് ബന്ധമുണ്ടോയെന്നാണു നാട്ടുകാരുടെ സംശയം. മാസങ്ങള്‍ക്കു മുമ്പ് തൃശൂര്‍ റോഡിലെ കണ്ണഞ്ചിറ ബാറിനു സമീപം സമാനമായ രീതിയില്‍ ബൈക്ക് കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ജില്ലയിലെ പ്രമാദമായ വധക്കേസിലെ പ്രതികള്‍ ഉപേക്ഷിച്ചതായിരുന്നു ബൈക്കായിരുന്നു അതെന്നു കണ്ടെത്തിയിരുന്നു. എടപ്പാളിലും പരിസരങ്ങളിലും വര്‍ധിച്ചു വരുന്ന മോഷണങ്ങളുടെ പശ്ചാത്തലത്തില്‍ പറൂപാടത്ത് കണ്ടെത്തിയ ബൈക്ക് ദുരൂഹതയുണര്‍ത്തുന്നു. പട്ടാമ്പി റയില്‍വേ സ്റ്റേഷനില്‍ നിന്ന് കടത്തിക്കൊണ്ടുവരികയായിരുന്ന ഒരു ബൈക്ക് കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്തുവച്ച് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചിരുന്നു.

RELATED STORIES

Share it
Top