ഉപഹാര്‍ കേസ്‌ : വിചാരണക്കോടതി ഉത്തരവ് ശരിവച്ച് ഹൈക്കോടതിന്യൂഡല്‍ഹി: 1977ലെ ഉപഹാര്‍ തിയേറ്റര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ നശിപ്പിച്ചതിന് റിയല്‍ എസ്റ്റേറ്റ് ഭീമന്മാരായ സുശീല്‍, ഗോപാല്‍ അന്‍സല്‍ സഹോദരന്‍മാര്‍ക്കെതിരേ കുറ്റം ചുമത്താനുള്ള വിചാരണക്കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. കേസില്‍ കുറ്റം ചുമത്താന്‍ മതിയായ തെളിവുകള്‍ വിചാരണക്കോടതിയുടെ പക്കലുണ്ടെന്ന് ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുലിന്റെ ബെഞ്ച് വ്യക്തമാക്കി. കേസില്‍ വിചാരണ തുടരാന്‍ കീഴ്‌ക്കോടതിക്ക് ബെഞ്ച് നിര്‍ദേശം നല്‍കി. അന്‍സല്‍ സഹോദരന്മാരടക്കം എട്ടുപേര്‍ക്കെതിരേ കുറ്റം ചുമത്താന്‍ വിചാരണക്കോടതി 2014 മെയ് 31നാണ് ഉത്തരവിട്ടിരുന്നത്. എല്ലാ പ്രതികളും കുറ്റം നിഷേധിച്ചിരുന്നു. 1997 ജൂണ്‍ 17ന് ഉപഹാര്‍ തിയേറ്ററില്‍ ബോര്‍ഡര്‍ എന്ന ബോളിവുഡ് സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴുണ്ടായ അഗ്നിബാധയില്‍ 59 പേരാണ് മരിച്ചത്. 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോടതിയുടെ റിക്കാര്‍ഡ് റൂമില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ കാണാതായിരുന്നു. ഇതെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു കോടതി ജീവനക്കാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

RELATED STORIES

Share it
Top