ഉപരോധം: കിം ചൈനയുടെ സഹായം തേടി

ടോക്കിയോ/സോള്‍: ഉത്തര കൊറിയക്കു മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം നീക്കാന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനീസ് പ്രസിഡന്റ് ഷി  ജിന്‍പെങിനോട് സഹായമഭ്യര്‍ഥിച്ചതായി ജാപ്പനീസ് മാധ്യമ റിപോര്‍ട്ട്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കിം നടത്തിയ ഉച്ചകോടി ചൂണ്ടിക്കാട്ടിയാണു സഹായം അഭ്യര്‍ഥിച്ചത്. കഴിഞ്ഞമാസം അവസാനം കിം ചൈന സന്ദര്‍ശിച്ചിരുന്നു. ഈ വേളയിലാണു ചൈനീസ് പ്രസിഡന്റിനോട് കിം സഹായം അഭ്യര്‍ഥിച്ചിരിക്കുന്നതെന്ന് പറയുന്നു. കിം ഈവര്‍ഷം മൂന്നാംതവണയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍െപങിനെ സന്ദര്‍ശിച്ചത്.
കിമ്മിനെ സഹായിക്കാമെന്നു ഷി ജിന്‍െപങ് അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ട് ഉണ്ട്. ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തിയതിനാല്‍ യുഎന്‍ ഉത്തരകൊറിയക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉത്തര കൊറിയയുടെ വാണിജ്യ പങ്കാളിയായ ചൈന ഉപരോധത്തെ ഭാഗീകമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം, ഉത്തര കൊറിയ-ദക്ഷിണകൊറിയ ജലഗതാഗതം പുനസ്ഥാപിച്ചു. ദശാബ്ദങ്ങള്‍ക്കു ശേഷം ആദ്യമായി ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള റേഡിയോ സന്ദേശം കപ്പലുകളില്‍ എത്തി. ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയമാണു ജലഗതാഗതം പുനസ്ഥാപിച്ച വിവരം പുറത്തുവിട്ടത്. പ്രദേശിക സമയം രാത്രി ഒമ്പതിനാണു ദക്ഷിണ കൊറിയന്‍ നാവികസേന റേഡിയോ വഴി കടലില്‍ പട്രോളിങ് നടത്തുകയായിരുന്ന ഉത്തര കൊറിയന്‍ ബോട്ടിന് സന്ദേശം അയച്ചത്.
പിന്നാലെ ഉത്തര കൊറിയ മറുപടിയും നല്‍കി. കൊറിയകള്‍ തമ്മിലുള്ള വ്യാപാരബന്ധം സാധാരണഗതിയിലാവുന്നത് 10 വര്‍ഷത്തിനു ശേഷമാണെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഏപ്രില്‍ 27ന് ഇരുകൊറിയന്‍ നേതാക്കളും തമ്മിലുണ്ടാക്കിയ കരാറിനെ തുടര്‍ന്നാണു പ്രായോഗിക നടപടികളെന്നു ദക്ഷിണ കൊറിയന്‍ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ജപ്പാന്‍ ഉത്തര കൊറിയക്കെതിരായ മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ ഇളവുവരുത്തി. ഉത്തര കൊറിയയില്‍ നിന്നുവരുന്ന മിസൈലുകളെ തടുക്കാനായി കടലില്‍ വ്യന്യസിച്ച ഏജിസ് യുദ്ധക്കപ്പല്‍ ജപ്പാന്‍ പിന്‍വലിച്ചു.
ഉപഗ്രഹ സംവിധാനങ്ങള്‍ പിന്‍വലിച്ചിട്ടില്ല.

RELATED STORIES

Share it
Top