ഉപരിപഠനം: മലപ്പുറത്തെ കാല്‍ലക്ഷം കുട്ടികള്‍ക്ക് അവസരമില്ലകെ പി ഒ റഹ് മത്തുല്ല

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച വിജയം കൈവരിച്ച മലപ്പുറം ജില്ലയിലെ കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് ഈ വര്‍ഷം അവസരമുണ്ടാവില്ല. എസ്എസ്എല്‍സി പാസായ പതിനയ്യായിരം വിദ്യാര്‍ഥികള്‍ക്കും അടുത്ത ദിവസം വരാനിരിക്കുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷ ജയിച്ച പതിനായിരത്തോളം വിദ്യാര്‍ഥികളുമാണ് പടിക്കു പുറത്താവാന്‍ പോവുന്നത്. സര്‍ക്കാര്‍ പുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കാത്ത പക്ഷം ഈ വിദ്യാര്‍ഥികളത്രയും പാരലല്‍ കോളജുകളില്‍ അഭയം തേടേണ്ടിവരുമെന്നതാണ് അവസ്ഥ. ഇത്തവണ ജില്ലയില്‍ 76,985 കുട്ടികളാണ് പത്താംതരം പരീക്ഷ വിജയിച്ചത്. ഇതില്‍ നിലവിലുള്ള സീറ്റ് അനുസരിച്ച് 62,985 പേര്‍ക്കു മാത്രമാണ് ഉപരിപഠന അവസരമുള്ളത്. ഈ കുറവുനികത്താന്‍ കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ അധികമായി 20 ശതമാനം പ്ലസ് വണ്‍ സീറ്റുകള്‍ എല്ലായിടത്തും അനുവദിച്ചിരുന്നു. ഇത്തവണയും അതുണ്ടാവുമോയെന്നാണ് രക്ഷിതാക്കള്‍ ആശങ്കയോടെ കാത്തിരിക്കുന്നത്. സര്‍ക്കാര്‍ നയം ഇതുവരെ പുറത്തുവന്നിട്ടില്ല. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, പോളിടെക്‌നിക്, ഐടിഐ എന്നിവിടങ്ങളില്‍ 5645 കുട്ടികള്‍ക്കും ഉപരിപഠനത്തിന് അവസരം ലഭിക്കും. ഇതെല്ലാം കൂട്ടിയാലും കാല്‍ലക്ഷം കുട്ടികളാണ് സിബിഎസ്ഇ പത്താംതരം ഫലംകൂടി പുറത്തുവരുന്നതോടെ പുറത്താവാന്‍ പോവുന്നത്. മലപ്പുറത്ത് കുട്ടികള്‍ സീറ്റു ലഭിക്കാതെ പുറത്താവുമ്പോള്‍ കോട്ടയത്തും തിരുവനന്തപുരത്തും എറണാകുളത്തും പഠിക്കാന്‍ കുട്ടികളില്ലാത്ത അവസ്ഥയാണുള്ളത്. ഈ മൂന്നു ജില്ലകളിലുമായി നിലവിലുള്ള പ്ലസ് ടു സ്‌കൂളുകളില്‍ 9716 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി പ്ലസ് വണിന് 57340 സീറ്റുകളാണുള്ളത്. ജില്ലയിലെ 244 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ സീറ്റുകളുടെ കണക്കാണിത്. പോളി ടെക്‌നിക്കുകളില്‍ 2350 സീറ്റുകളാണുള്ളത്. ഐടിഐകളിലാവട്ടെ 970 സീറ്റുകളുമുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതി ജയിക്കുന്ന മലപ്പുറം ജില്ലയില്‍ ഉപരിപഠന സൗകര്യം ഏര്‍പ്പെടുത്താന്‍ യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ദീര്‍ഘകാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ.് പത്താംതരം പരീക്ഷ എഴുതുന്ന മലപ്പുറത്തുകാരുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരുകയാണ.് മലപ്പുറത്ത് ഉപരിപഠന സാധ്യതകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിനും നിരവധി വര്‍ഷത്തെ പഴക്കമുണ്ട്. എല്ലാവര്‍ക്കും ജില്ലയില്‍ തന്നെ ഉപരിപഠന സാധ്യത ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ വകുപ്പില്‍ സമ്മര്‍ദം ചെലുത്താനാണ് ജില്ലയിലെ എംഎല്‍എമാരുടെ തീരുമാനം.

RELATED STORIES

Share it
Top