ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം നാളെ: പെരിയയില്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കും

കാസര്‍കോട്്: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പുതിയ അക്കാദമിക് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യാനെത്തുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ജില്ലാകലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നുമുതല്‍ വിവിധ സ്ഥലങ്ങളിലെ പോലിസിനെ വിന്യസിക്കും.
സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങളില്‍ അറിഞ്ഞോ അറിയാതെയോപോലും ഏര്‍പ്പെടരുതെന്ന് ജില്ലാ പോലിസ് മേധാവി നിഷ്‌കര്‍ഷു. സര്‍വകാലാശാല കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചാന്‍സലര്‍ എന്‍ ഗോപകുമാര്‍, ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. യോഗത്തിനുശേഷം കലക്ടറും സംഘവും ഹെലിപാഡിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. ഏകദേശം രണ്ടായിരത്തോളം ആളുകള്‍ പരിപാടിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. വാഹനങ്ങളെല്ലാം പ്രധാന കവാടത്തിലൂടെ മാത്രമേ അകത്ത്് പ്രവേശിക്കാന്‍ പാടൂള്ളൂ.
പ്രത്യേക പാസ് ഇല്ലാത്ത ആരെയും അകത്തേക്ക് കടക്കാന്‍ അനുവദിക്കുകയില്ല. രാവിലെ 10.20ന് കേന്ദ്ര സര്‍വകലാശാലയിലെ പ്രത്യേകം തയാറാക്കിയ ഹെലിപാഡില്‍ എത്തുന്ന ഉപരാഷ്ട്രപതി വേദിയിലേക്ക് പോകും. തുടര്‍ന്ന് ചടങ്ങുകള്‍ക്കുശേഷം 12ഓടെ ഉപരാഷ്ട്രപതി മടങ്ങും.

RELATED STORIES

Share it
Top