ഉപയോഗിച്ച എണ്ണകൊണ്ടുള്ള പാചകം വ്യാപകമായിട്ടും പരിശോധനയില്ല

പത്തിപ്പാല: ഉപയോഗിച്ച എണ്ണകൊണ്ടുള്ള പാചകം വ്യാപകമായിട്ടും പരിശോധന നടക്കുന്നില്ലെന്നു പരാതി. ഒരിക്കല്‍ ഉപയോഗിച്ച എണ്ണയുടെ ബാക്കി കളയാതെ മറ്റു പാചകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്ഥിതിയാണു നിലവിലുള്ളത്. മുഴുവന്‍ ഹോട്ടലുകളിലും ചിപ്‌സ്, വറുത്ത പലഹാരങ്ങള്‍ എന്നിവ  ഉണ്ടാക്കുന്നതിനു ഉപയോഗിച്ച  എണ്ണയാണ്  കടകളില്‍ വീണ്ടും ഉപയോഗിക്കുന്നത്.
ഈ എണ്ണയില്‍ പുതിയ എണ്ണ ഒഴിച്ചാണ് പാചകം  ചെയ്യല്‍. പരസ്യമായി വറുത്ത സാധനങ്ങള്‍ പാകംചെയ്യുന്ന കടകളില്‍പോലും  ആളുകള്‍ നോക്കിനില്‌ക്കേ പുതിയ എണ്ണ ഇതിലേക്ക് ഒഴിക്കുന്നതു പതിവു കാഴ്ചയാണ്.
ആഹാരപദാര്‍ഥങ്ങള്‍ വറുക്കാനും പൊരിക്കാനും ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഉയര്‍ന്ന താപനിലയില്‍ എണ്ണ തിളയ്ക്കുന്നതോടെ ഘടനയില്‍ മാറ്റം വരും. എണ്ണയില്‍ പാകംചെയ്യുന്ന ഭക്ഷ്യവസ്തുവിലെ ഘടകങ്ങള്‍ ചേരുന്നതിലൂടെയുമാണ് ഈ മാറ്റം ഉണ്ടാകുന്നത്.
വീണ്ടും ചൂടാക്കുമ്പോള്‍ എണ്ണയുടെ ഘടകങ്ങളില്‍ ഭൗതിക രാസമാറ്റവും വരും. നിശ്ചിത അളവില്‍ കൂടുതലാണ് ടോട്ടല്‍-പോളാര്‍ കോമ്പൗണ്ട്‌സ്. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍, അല്‍ഷിമേഴ്‌സ്, കരള്‍രോഗങ്ങള്‍ എന്നിവ പിടിപെടുമെന്ന് ഉറപ്പാണ്.
വന്‍കിട ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന കമ്പനികളില്‍നിന്നും ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ തട്ടുകടകളിലേക്കും ചെറുകിട ഹോട്ടലുകളിലേക്കും എത്തിക്കുന്നുണ്ട്.
ഇത്തരത്തില്‍ ഉപയോഗിച്ച എണ്ണ ചെറുകിട ഹോട്ടലുകളിലെയും ഭക്ഷ്യസാധനങ്ങള്‍ ഉണ്ടാക്കുന്ന സ്ഥലത്തേക്കും എത്തിക്കുന്ന ഇടനിലക്കാരും വ്യാപകമായിട്ടുണ്ട്. വറുത്ത എണ്ണയില്‍ വീണ്ടും പാചകം ചെയ്യുന്നതു പിടികൂടാനും അധികൃതര്‍ തയാറാകുന്നില്ലെന്നാണ് പരാതി. ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചാല്‍ മാത്രമേ പ്രശ്‌ന പരിഹാരമാകൂ.

RELATED STORIES

Share it
Top