ഉപയോഗിക്കുന്നത് മാലിന്യവും കെട്ടിടാവശിഷ്ടങ്ങളും കലര്‍ന്ന മണ്ണ്

കുന്നംകുളം: നിയമങ്ങള്‍ കാറ്റില്‍പറത്തി വെട്ടികടവ് ചിറക്കല്‍ താഴം കോള്‍പാടത്ത് കെഎല്‍ഡിസിയുടെ ബണ്ട് നിര്‍മാണം. ഏക്കറുകണക്കിന് വരുന്ന കോള്‍കൃഷിയെ ദോഷകരമായി ബാധിക്കാവുന്ന തരത്തില്‍ മാലിന്യവും കേട്ടിടാവശിഷ്ടങ്ങളും ഉപയോഗിച്ചുള്ള ബണ്ട് നിര്‍മാണത്തില്‍ വ്യാപക അഴിമതിയെന്ന് ആരോപണവും ശക്തമാകുന്നു. മൂന്നു വര്‍ഷം മുന്‍പാണ് ചിറക്കല്‍ താഴത്ത് വരമ്പ് പൊട്ടല്‍ തുടര്‍ക്കഥയായതിനെതുടര്‍ന്ന് സ്ഥിരം ബണ്ട് നിര്‍മിക്കാന്‍ കെ എല്‍ ഡി സി പദ്ധതിയിലുള്‍പ്പെടുത്തി അനുമതി നല്‍കിയത്. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് പണി നീട്ടികൊണ്ടുപോകുകയായിരുന്നു. 250 ഏക്കറോളം വരുന്ന ഭാഗത്തെ നൂറടി തോടുമായി രണ്ട് പടവുകളെ ബന്ധിപ്പിക്കുന്ന ബണ്ടാണ് ഇത്തരത്തില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മിക്കുന്നത്. ലക്ഷങ്ങള്‍ ചിലവഴിച്ചു നിര്‍മിക്കുന്ന ബണ്ടിന്റെ ഉറപ്പിനെപറ്റി ഇപ്പോള്‍ തന്നെ കര്‍ഷകര്‍ ആശങ്ക അറിയിക്കുന്നുണ്ട്. മണ്ണ് നിക്ഷേപിച്ചു കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ കൂടിചേരാവുന്ന തരത്തിലുള്ള ചുവന്ന മണ്ണാണ് സാധാരണ രീതിയില്‍ ഇത്തരം ബണ്ട് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ മാലിന്യവും കെട്ടിടാവശിഷ്ടങ്ങളും കലര്‍ന്ന കൂട്ടിപിടിക്കാന്‍ സാധ്യതയില്ലാത്ത തരം മണ്ണാണ് ഇവിടത്തെ ബണ്ട് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 10 അടി വീതിയിലുള്ള 700 മീറ്റര്‍ ബണ്ടിന് ആയിരത്തില്‍പരം ലോഡ് മണ്ണ് വേണ്ടിവരും. ലോഡ് ഒന്നിന് കരാറുകാര്‍ നിശ്ചിത തുക വാങ്ങുമ്പോഴും അവര്‍ ബണ്ടിന്റെ ഉറപ്പില്‍ വിട്ടുവീഴ്ച ചെയ്ത് നിസ്സാര വിലയില്‍ കിട്ടുന്ന കെട്ടിട അവശിഷ്ടങ്ങള്‍ ഇവിടെകൊണ്ടുവന്നു നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കരാറിന്റെ മറവില്‍ സംഘടിപ്പിക്കുന്ന നല്ല മണ്ണ് കൂടിയ വിലക്ക് മറിച്ചുനല്‍കിയാണ് ഉപയോഗശൂന്യമായ അവശിഷ്ടങ്ങള്‍ ബണ്ടിനു വേണ്ടി ഉപയോഗിക്കുന്നത്. വന്‍ തുക ചിലവഴിച്ചുള്ള നിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്താന്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.അതേസമയം, വെട്ടിക്കടവ് ചിറയ്ക്കല്‍താഴം ബണ്ട് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കെഎല്‍ഡിസി എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഉത്തരവ്. ബണ്ട് നിര്‍മാണത്തെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്ന്നാണ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ നടപടി. സ്ഥിതി ഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎല്‍ഡിസി എക്‌സിക്യുട്ടീവ് എഞ്ചിനീയരുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസങ്ങളില്‍ നിര്‍മാണ സ്ഥലം സന്ദര്‍ശിക്കും. തുടര്‍ന്ന് ആവശ്യമായ പരിശോധനകളും നടപടികളും എടുത്തതിനു ശേഷം മാത്രമേ നിര്‍മാണം പുനാരാരംഭിക്കുകയുള്ളൂ എന്നാണ് അറിയുന്നത്.

RELATED STORIES

Share it
Top