ഉപഭോക്താവിന്റെ വംശീയ പരാമര്‍ശം; പിന്തുണച്ച് എയര്‍ടെല്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ എയര്‍ടെല്‍, അതിന്റെ ജീവനക്കാരനെതിരേ ഉപഭോക്താവ് നടത്തിയ വംശീയ പരാമര്‍ശത്തില്‍ പ്രതികരിച്ചത് അഞ്ചു മണിക്കൂറിനു ശേഷം. ഉപഭോക്താക്കളെയോ തൊഴിലാളികളെയോ പങ്കാളികളെയോ തങ്ങള്‍ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നില്ലെന്നായിരുന്നു കമ്പനിയുടെ പ്രതികരണം.
മാനേജ്‌മെന്റ് പ്രഫഷനല്‍ എന്നു സ്വയം പരിചയപ്പെടുത്തിയ പൂജ സിങ് എന്ന ഉപഭോക്താവാണ് എയര്‍ടെല്ലിലെ മുസ്‌ലിം ജീവനക്കാരനെതിരേ ട്വിറ്ററില്‍ മതഭ്രാന്തു നിറഞ്ഞ പരാമര്‍ശം നടത്തിയത്. ഇതിനെതിരേ നിരവധി പ്രമുഖര്‍ പ്രതികരണവുമായി എത്തിയതോടെയാണ് ആദ്യം മിണ്ടാതിരുന്ന കമ്പനി പ്രതികരിക്കാന്‍ തയ്യാറായത്. വൈകീട്ട് 3 മണിയോടെയായിരുന്നു പൂജ സിങിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം. കമ്പനിയുടെ പ്രതികരണം വന്നതാകട്ടെ രാത്രി 8നും.
ഉച്ചയ്ക്ക് 12.09നാണ് ട്വിറ്ററില്‍ പൂജ സിങ് ആദ്യം ട്വീറ്റ് ചെയ്തത്. എയര്‍ടെല്ലിന്റെ ഡിടിഎച്ച് സര്‍വീസ് റീഇന്‍സ്റ്റാള്‍ ചെയ്യാ ന്‍ താന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ സര്‍വീസ് എന്‍ജിനീയര്‍ തന്നോട് മോശമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. എയര്‍ടെല്‍ അതിന്റെ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണെന്നും പൂജ സിങിന്റെ ട്വിറ്റര്‍ സന്ദേശത്തിലുണ്ട്. ഇതിനോട് 12.18ന് എയര്‍ടെല്‍ എക്‌സിക്യൂട്ടീവ് ശുഹൈബ് പ്രതികരിച്ചു: 'നിങ്ങള്‍ ഇവിടെ പരാതി ന ല്‍കിയതില്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ പരാതി പഠിച്ച ശേഷം അധികം വൈകാതെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാം, നന്ദി- ശുഹൈബ്'- ഇതായിരുന്നു മറുപടി സന്ദേശം.
2.59ന് ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു പൂജയുടെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശം: 'പ്രിയപ്പെട്ട ശുഹൈബ്, നിങ്ങള്‍ ഒരു മുസ്‌ലിമാണെന്നതിനാല്‍ നിങ്ങളുടെ തൊഴില്‍ ധാര്‍മികതയില്‍ എനിക്ക് വിശ്വാസമില്ല. കാരണം, ഉപഭോക്തൃ സേവനത്തെക്കുറിച്ച് ഖുര്‍ആന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ എന്റെ പരാതി പരിഹരിക്കുന്നതിന് ഒരു ഹിന്ദു പ്രതിനിധിയെ ഏല്‍പിക്കാന്‍ ആവശ്യപ്പെടുന്നു. നന്ദി.'
പൂജയുടെ വിദ്വേഷ പരാമര്‍ശത്തോട് പ്രതികരിക്കുന്നതിനു പകരം, പ്രശ്‌നം പരിഹരിക്കുന്നതിന് ഗാങ്‌ജോത് എന്നു പേരുള്ള ഒരു ഹിന്ദു പ്രതിനിധിയെ നിയമിക്കുകയാണ് എയര്‍ടെല്‍ ചെയ്തത്. ഇതിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് മാധ്യമ-സാമൂഹിക പ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, കവിത കൃഷ്ണന്‍, പ്രാതിക് സിന്‍ഹ, വീര്‍ സാങ്‌വി, ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തുടങ്ങിയവര്‍ രംഗത്തെത്തി. എയര്‍ടെല്‍ ശക്തമായി പ്രതികരിച്ചില്ലെങ്കില്‍ തങ്ങള്‍ കമ്പനിയുടെ സേവനം അവസാനിപ്പിക്കുമെന്ന് നിരവധി പേര്‍ വ്യക്തമാക്കി. ഇതോടെയാണ് എയര്‍ടെല്‍ അഞ്ചു മണിക്കൂറിനു ശേഷം പ്രതികരണവുമായി രംഗത്തെത്തിയത്. രാത്രി 8.18നായിരുന്നു ട്വിറ്റര്‍ വഴി എയര്‍ടെല്ലിന്റെ പ്രതികരണം:
'പ്രിയപ്പെട്ട പൂജ, എയര്‍ടെല്ലി ല്‍ ഉപഭോക്താക്കളെയോ തൊഴിലാളികളെയോ പങ്കാളികളെയോ ഞങ്ങള്‍ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തി ല്‍ വേര്‍തിരിക്കുന്നില്ല. നിങ്ങളും അതേ നിലപാട് തന്നെ അനുവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ശുഹൈബും ഗാങ്‌ജോതും ഞങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് ടീമിന്റെ ഭാഗമാണ്. സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഏതെങ്കിലും ഉപഭോക്താവ് സമീപിക്കുമ്പോള്‍ ആ സമയത്ത് ലഭ്യമായ എക്‌സിക്യൂട്ടീവിനെ ഏല്‍പിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ പരാതിക്ക് പരിഹാരമുണ്ടാകുന്ന മുറയ്ക്ക് നിങ്ങളുമായി ബന്ധപ്പെടുന്നതാണ്. നന്ദി. ഹിമാന്‍ഷു, എയര്‍ടെ ല്‍ റസ്‌പോണ്‍സ് ടീം ലീഡ്.'
അടുത്ത തവണയെങ്കിലും മതഭ്രാന്ത് നിറഞ്ഞ ഉപഭോക്താക്കളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഇതിനോട് പ്രതികരിച്ചുകൊണ്ട് കവിത കൃഷ്ണന്‍ പറഞ്ഞു.

RELATED STORIES

Share it
Top