ഉപഭോക്താക്കളറിയാതെ ഏജന്‍സി മാറ്റി, ഗ്യാസ് ഏജന്‍സിക്കെതിരേ പ്രക്ഷോഭവുമായി നാട്ടുകാര്‍

ഇരിട്ടി: ഉപഭോക്താക്കളറിയാതെ നിരവധി പേരുടെ പാചകവാതക കണക്ഷന്‍ ഇരിട്ടിയില്‍നിന്ന് മട്ടന്നൂര്‍ മരുതായിയിലെ പുതിയ ഗ്യാസ് ഏജന്‍സിയിലേക്ക് മാറ്റി. ഇതിനെതിരേ പരാതിയും പ്രക്ഷോഭവുമായി നാട്ടുകാര്‍ രംഗത്തെത്തി.
മരുതായിയില്‍ പുതുതായി ആരംഭിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കേണല്‍ ഗ്യാസ് ഏജന്‍സിക്കെതിരേയാണ് പുന്നാട് മേഖലയിലെ 6000ത്തോളം ഉപഭോക്താക്കള്‍ എത്തിയത്. നിലവില്‍ പുന്നാട്, കീഴൂര്‍കുന്ന്, മീത്തലെ പുന്നാട് മേഖലയിലുള്ളവര്‍ അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരപരിധിയുള്ള ഇരിട്ടി തന്തോട്ടെഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിയിലായിരുന്നു കണക്ഷനെടുത്ത് ഇടപാടുകള്‍ നടത്തിയിരുന്നത്. കഴിഞ്ഞ മാസം മരുതായിയില്‍ ആരംഭിച്ച കേണല്‍ പാചക എജന്‍സിക്ക് അംഗീകാരം ലഭിക്കുന്നതിനായി പുന്നാട് മേഖലയിലെ ഉപഭോക്താക്കളെ അവരറിയാതെ കണക്ഷന്‍ മാറ്റുകയായിരുന്നു. ഇരിട്ടി ഏജന്‍സിയില്‍നിന്ന് ഗ്യാസ് ലഭിക്കാതെ വന്നപ്പോളാണ് തങ്ങളുടെ ഏജന്‍സി മരുതായിലേക്ക് മാറ്റിയ വിവരം പലരുമറിയുന്നത്. മരുതായി ഏജന്‍സിയുടെ സിലിണ്ടര്‍ ഗോഡൗണ്‍ പുന്നാടിനടുത്തെ എടക്കാനം പാലാപ്പറമ്പില്‍ സ്ഥാപിച്ചാണ് എളുപ്പത്തില്‍ ഗ്യാസ് വിതരണം ചെയ്യാന്‍ സാധിക്കുമെന്ന ഉറപ്പിന്‍മേല്‍ ചിലരുടെ താല്‍പര്യപ്രകാരം മാറ്റിയത്.
ഇരിട്ടിയില്‍നിന്ന് വിതരണം ചെയ്യുന്ന പാചകവാതക വിലയേക്കാള്‍ വാഹനചാര്‍ജ് ഉള്‍പ്പെടെ 80 രൂപയോളം പുതിയ ഏജന്‍സി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതായി പരാതിയുണ്ട്. 15 കിലോമീറ്റര്‍ വരെ നിശ്ചയിച്ച വാടകയിനത്തില്‍ ഉള്‍പ്പെടെ വാങ്ങാവുന്ന തുകയുടെ രണ്ടിരട്ടിയോളം പുതിയ ഏജന്‍സി ഈടാക്കുന്നതായി പരാതിയില്‍ പറയുന്നു. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇരിട്ടി സപ്ലൈ ഓഫിസര്‍ക്ക് പരാതി നല്‍കി.

RELATED STORIES

Share it
Top