ഉപതിരഞ്ഞെപ്പ് : എല്‍ഡിഎഫിന് നേട്ടം; ഒരു സീറ്റ് പിടിച്ചെടുത്തുകണ്ണൂര്‍: ജില്ലയില്‍ മൂന്നിടത്തു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. പായം ഗ്രാമപ്പഞ്ചായത്തിലെ മട്ടിണി വാര്‍ഡ് യുഡിഎഫില്‍നിന്നു പിടിച്ചെടുത്തപ്പോള്‍ മറ്റു രണ്ടിടങ്ങളിലും എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. പയ്യന്നൂര്‍ നഗരസഭയിലെ കണ്ടങ്കാളി നോര്‍ത്ത്, മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍, മട്ടിണി വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മട്ടിണി വാര്‍ഡില്‍ യുഡിഎഫ് സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. സിപിഎമ്മിലെ പി എന്‍ സുരേഷ് 268 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തിളക്കമാര്‍ന്ന വിജയം നേടി. സുരേഷിന് 600ഉം യുഡിഎഫ് സ്ഥാനാര്‍ഥി ശ്രിനിവാസന്‍ കയ്യാലത്തിന് 332ഉം വോട്ടുകളും ലഭിച്ചു. ബിജെപിയിലെ ശ്രീജിത്തിന് 64 വോട്ടും സ്വതന്ത്രന്‍ ശ്രീനിവാസന്‍ എം വേലായുധന് 4 വോട്ടും കിട്ടി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് പൊട്ടംകുളം 54 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇവിടെനിന്നു വിജയിച്ചിരുന്നു. അദ്ദേഹത്തിന്റെ അപകടമരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 149 വോട്ടുകള്‍ ലഭിച്ച ബിജെപിക്ക് ഇക്കുറി 64 വോട്ടായി ചുരുങ്ങി. വിജയിച്ച സ്ഥാനാര്‍ഥിയെയും ആനയിച്ച് ഇടത്മുന്നണി പ്രവര്‍ത്തകര്‍ മാടത്തില്‍, വള്ളിത്തോട്, മട്ടിണി എന്നിവിടങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തി. ഉരുവച്ചാലില്‍ സിപിഎം സ്ഥാനാര്‍ഥി എ കെ സുരേഷ്‌കുമാറിന് 124 വോട്ടിന്റെ ഭൂരിപക്ഷമാണു ലഭിച്ചത്. ആകെ പോള്‍ ചെയ്ത 1057 വോട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 586 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കെ കെ അബ്ദുസ്സലാം 462 വോട്ടും ബിജെപിയിലെ റീന മനോഹരന്‍ 11 വോട്ടും നേടി. 2012ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 13 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിലെ കോടഞ്ചേരി രാജന്‍ വിജയിച്ചത്. ഇക്കുറി എല്‍ഡിഎഫ് 111 വോട്ട് കൂടുതല്‍ നേടി. കഴിഞ്ഞ തവണ മല്‍സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ അബ്ദുസ്സലാമാണ് ഇക്കുറിയും ജനവിധി തേടിയത്. റിട്ടേണിങ് ഓഫിസറായ ഡിഎഫ്ഒ സുനില്‍ പാമിഡിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ സിഡിഎസ് ഹാളിലായിരുന്നു വോട്ടെണ്ണല്‍. വിജയിച്ച സ്ഥാനാര്‍ഥിയെയും കൊണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മട്ടന്നൂര്‍ നഗരത്തിലും ഉരുവച്ചാല്‍ വാര്‍ഡിലും ആഹ്ലാദപ്രകടനം നടത്തി. മട്ടന്നൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന യോഗത്തില്‍ പി പുരുഷോത്തമന്‍, എന്‍ വി ചന്ദ്രബാബു, എ കെ സുരേഷ്, കെ പി രമേശന്‍ സംസാരിച്ചു. ഉരുവച്ചാലില്‍ നടന്ന പി സുരേഷ് ബാബു, പി കുഞ്ഞിക്കൃഷ്ണന്‍, എ കെ ബീന, വി ദാമോദരന്‍ നേതൃത്വം നല്‍കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, മട്ടന്നൂര്‍ സിഐ എ വി ജോണ്‍, എസ്‌ഐ എ വി ദിനേശ് എന്നിവരുടെ നേതൃത്യത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂര്‍ നഗരസഭയിലെ കണ്ടങ്കാളി നോര്‍ത്ത് വാര്‍ഡില്‍ സിപിഎമ്മിലെ പി കെ പ്രസീത 365 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. പ്രസീതയ്ക്ക് 600 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ പി ലളിത 235 വോട്ടുകള്‍ നേടി.

RELATED STORIES

Share it
Top