ഉപതിരഞ്ഞെടുപ്പിനൊരുങ്ങി മഞ്ചേശ്വരം മണ്ഡലം

കാസര്‍കോട്്: അത്യുത്തരദേശം ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്നു. പി ബി അബ്ദുര്‍റസാഖ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനു മുന്നണികള്‍ ഒരുക്കം തുടങ്ങി.
യുഡിഎഫില്‍ മുസ്‌ലിം ലീഗിനാണ് ഈ മണ്ഡലം. 1987 മുതല്‍ 2006 വരെ ചെര്‍ക്കളം അബ്ദുല്ലയും 2011 മുതല്‍ 18 വരെ പി ബി അബ്ദുര്‍റസാഖും മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2006ല്‍ മാത്രമാണ് ചെര്‍ക്കളം അബ്ദുല്ലയെ പരാജയപ്പെടുത്തി സിപിഎമ്മിലെ അഡ്വ. സി എച്ച് കുഞ്ഞമ്പു വിജയിച്ചത്. 2016ല്‍ ബിജെപിയിലെ കെ സുരേന്ദ്രനെ 89 വോട്ടിനാണ് അബ്ദുര്‍റസാഖ് പരാജയപ്പെടുത്തിയത്.
എട്ട് പഞ്ചായത്തുകളാണ് ഈ മണ്ഡലത്തിലുള്ളത്. ഇതില്‍ ആറും യുഡിഎഫാണ് ഭരിക്കുന്നത്. ഒരിടത്ത് എല്‍ഡിഎഫും മറ്റൊരു പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫും ഭരിക്കുന്നു. പൈവളിഗെ രക്തസാക്ഷി സ്മൃതിമണ്ഡപം ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ എല്‍ഡിഎഫ് പല തിരഞ്ഞെടുപ്പിലും മൂന്നാംസ്ഥാനത്താണ് എത്താറ്. സംഘപരിവാരത്തിന് ആധിപത്യമുള്ള മേഖലയും ഈ മണ്ഡലത്തിലുണ്ട്. 2011ല്‍ 5828 വോട്ടിന് യുഡിഎഫ് വിജയിെച്ചങ്കിലും 2016ല്‍ ലീഗിലെ ചിലര്‍ പ്രാദേശികവാദം ഉന്നയിച്ച് മുന്നോട്ടുവന്നതോടെയാണ് ഭൂരിപക്ഷം കുറഞ്ഞത്. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന നിരവധി പദ്ധതികള്‍ കൊണ്ടുവന്ന മഞ്ചേശ്വരത്ത് ഈസി വാക്കോവര്‍ നേടാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
മാത്രവുമല്ല, അബ്ദുര്‍റസാഖിന്റെ ആകസ്മിക നിര്യാണം സഹതാപതരംഗമാവുമെന്നും യുഡിഎഫിന് പ്രതീക്ഷയുണ്ട്. സംസ്ഥാനത്ത് അധികാരത്തിലുള്ള സാഹചര്യത്തില്‍ മണ്ഡലത്തില്‍ ഒരു കുതിച്ചുചാട്ടത്തിനാണ് എല്‍ഡിഎഫ് ശ്രമം. അതേസമയം, ബിജെപി ഹിന്ദു ഐക്യവേദി നേതാവ് കുണ്ടാര്‍ രവീശതന്ത്രിയെ രംഗത്തിറക്കാന്‍ നീക്കം നടത്തുന്നു. കെ സുരേന്ദ്രന് ഒരവസരംകൂടി നല്‍കുന്നതിനോട് മണ്ഡലത്തിലെ ബിജെപി നേതൃത്വം വിയോജിപ്പു പ്രകടിപ്പിച്ചതായാണു വിവരം. എല്‍ഡിഎഫില്‍ എം ശങ്കര്‍റൈ മാസ്റ്ററെയാണ് പരിഗണിക്കുന്നത്.
മുസ്്‌ലിം ലീഗില്‍ നിരവധിപേരാണ് സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ളത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, എം സി ഖമറുദ്ദീന്‍, എസ് എ എം ബഷീര്‍, വ്യവസായപ്രമുഖരായ യു കെ യൂസഫ്, ലത്തീഫ് ഉപ്പളഗേറ്റ് എന്നിവര്‍ രംഗത്തുണ്ട്. അതേസമയം, പി ബി അബ്ദുര്‍റസാഖിന്റെ മകന്‍ ശഫീഖ് റസാഖ്, സി ടി അഹമ്മദലി തുടങ്ങിയവരുടെ പേരുകളും പാര്‍ട്ടിയുടെ പരിഗണനയിലാണ്. സംസ്ഥാനനേതൃത്വത്തിനു മുന്നില്‍ സ്ഥാനാര്‍ഥിത്വത്തിന് അവകാശവാദവുമായി കൂടുതല്‍പേര്‍ രംഗത്തുവരുന്നതോടെ മുന്‍മന്ത്രി കൂടിയായ സംസ്ഥാന ഖജാഞ്ചി സി ടി അഹമ്മദലിയെ പരിഗണിക്കാനാണു സാധ്യത.

RELATED STORIES

Share it
Top