ഉന്മാദരാഷ്ട്രീയത്തിനെതിരേ യുവാക്കള്‍ തെരുവിലിറങ്ങണം: എസ്ഡിപിഐ

വേങ്ങര: ആര്‍എസ്എസും സംഘപരിവാര ശക്തികളും രാജ്യമൊട്ടുക്കും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉന്മാദ രാഷ്ട്രീയത്തിനെതിരെ യുവാക്കള്‍ തെരുവിലിറങ്ങേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ അബ്ദുല്‍ജബ്ബാര്‍. എസ്ഡിപിഐ വേങ്ങര മണ്ഡലം കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പശുവിന്റെ പേരിലും ലൗജിഹാദിന്റെ പേരിലും വംശീയതയുടെ പേരിലും മുസ്ലിംകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ സംഘപരിവാരം നടത്തുന്ന അതിക്രമങ്ങള്‍ക്ക് ഭരണകൂടവും നീതിപീഠവും ഒത്താശ ചെയ്യുന്നത് ആശങ്കാജനകമാണ്. രാജ്യംനേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ സംഘപരിവാരത്തിനെതിരെ ജനാധിപത്യവും മതേതരത്വവും നിലനിന്നു കാണണമെന്നാഗ്രഹിക്കുന്നവര്‍ ഒരുമിച്ചു നില്‍ക്കുന്നതിന് പകരം പരസ്പരം വൈരം പ്രകടിപ്പിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം മുസ്തഫ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാരായ എം പി മുസ്തഫ, അരീക്കന്‍ ബീരാന്‍കുട്ടി, മണ്ഡലം ഭാരവാഹികളായ പി ഷെരീഖാന്‍, പി കെ അബൂബക്കര്‍, പി എം റഫീഖ്, എം ഖമറുദ്ദീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top