ഉന്നാവോ: ബിജെപി എംഎല്‍എക്ക് എതിരേ കുറ്റപത്രം

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞവര്‍ഷം ജൂണ്‍ നാലിനാണ് എംഎല്‍എ തന്റെ വസതിയില്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സെനഗറിനും സഹായിയായ സാഷി സിങ് എന്നയാള്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റവും പോക്‌സോ നിയമത്തിലെ വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. 2017 ജൂണ്‍ നാലിന് രാത്രി എട്ടുമണിക്ക് എംഎല്‍എയുടെ വീട്ടിലാണ് പെണ്‍കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. എംഎല്‍എയുടെ സഹായിയായ സാഷി സിങാണ് കുട്ടിയെ വീട്ടിലെത്തിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് ജൂണ്‍ 11നും 20നും പെണ്‍കുട്ടി വീണ്ടും കൂട്ടബലാല്‍സംഗത്തിന് ഇരയായി. എന്നാല്‍, എംഎല്‍എയുടെ വീട്ടില്‍ നടന്ന സംഭവത്തില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും രണ്ടാമത് നടന്ന കൂട്ടബലാല്‍സംഗത്തില്‍ മാത്രമാണ് കേസെടുത്തതെന്നും സിബിഐ പറയുന്നു. ഏപ്രില്‍ 13നാണ് സെനഗര്‍ അറസ്റ്റിലായത്.

RELATED STORIES

Share it
Top