ഉന്നാവോ പീഡനം: ബിജെപി എംഎല്‍എയെ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെ ലഖ്‌നോ കോടതിക്ക് മുമ്പില്‍ ഹാജരാക്കി. കോടതി എംഎല്‍എയെ ഏഴുദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. സിബിഐ മേഖലാ ഓഫിസില്‍ എത്തിയ എംഎല്‍എയെ പിന്നീട് രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു.
നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും തന്റെ നിരപരാധിത്വം കോടതി തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു. മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം വെള്ളിയാഴ്ച രാത്രിയോടെയാണ് സിബിഐ ബിജെപി എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. സെന്‍ഗറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, കേസില്‍ സിബിഐ രണ്ടാമതൊരാളെ കൂടി അറസ്റ്റ് ചെയ്തു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ എംഎല്‍എയുടെ അടുത്തേക്കെത്തിച്ചെന്ന് ആരോപിക്കപ്പെടുന്ന ശാശി സിങ് ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ മാതാവ് യുപി പോലിസിനു കൊടുത്ത പരാതിയില്‍ ഈ സ്ത്രീയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇവര്‍ തന്റെ മകളെ പ്രലോഭിപ്പിച്ച് എംഎല്‍എയുടെ അടുത്തെത്തിച്ചെന്നും, പീഡിപ്പിക്കുമ്പോള്‍ ഇവര്‍ പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

RELATED STORIES

Share it
Top