ഉന്നാവോ കൂട്ടബലാല്‍സംഗം; കേസ് സിബിഐയ്ക്ക് വിട്ടു

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 18കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും പിതാവ് പോലിസ്  മര്‍ദനത്തെത്തുടര്‍ന്ന്്് കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ ബിജെപി ബങ്കര്‍മൗ എംഎല്‍എ കുല്‍ദീപ് സിങ് സെങ്കറിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. എംഎല്‍എയ്ക്ക് എതിരായ രണ്ടു കേസുകളും സിബിഐയ്ക്കു കൈമാറി.കഴിഞ്ഞദിവസം, പെണ്‍കുട്ടിയുടെ  പരാതിയില്‍ സ്വമേധയാ കേസെടുത്ത അലഹാബാദ് ഹൈക്കോടതി പിതാവിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറാം അടക്കമുള്ളവര്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിപ്പെടുകയും കുടുംബത്തോടൊപ്പം  മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവതിയുടെ പിതാവ് പപ്പു സിങ് പിന്നീട് ആശുപത്രിയില്‍വച്ച് മരിക്കുകയായിരുന്നു. പോലിസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ്  അദ്ദേഹം മരിച്ചതെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം ഉറപ്പാക്കണമെന്നു കോടതി ആവശ്യപ്പെട്ടു. കേസില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കുന്ന അലഹാബാദ് ഹൈക്കോടതി യുപി സര്‍ക്കാരിന്റ അഭിപ്രായം ആരായും.
അതേസമയം, തന്റെ ഭര്‍ത്താവ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ഭാര്യ സംഗീത സെന്‍ഗാര്‍  പ്രതികരിച്ചു. കേസില്‍ സെന്‍ഗാറിനേയും പരാതിക്കാരിയേയും നാര്‍കോ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും സംഗീത  ആവശ്യപ്പെട്ടു.     സംഭവത്തില്‍ സിബിഐ അന്വേഷിക്കണമെന്ന ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു.

RELATED STORIES

Share it
Top