ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍; ആലത്തൂര്‍ എസ്‌ഐക്ക് സ്ഥലംമാറ്റംആലത്തൂര്‍: ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലം ആലത്തൂര്‍ എസ്‌ഐക്ക് സ്ഥലം മാറ്റം. എസ്‌ഐ എസ്അനീഷിനെയാണ് തൃശൂര്‍ റൂറലിലേക്ക് സ്ഥലം മാറ്റിയത്. ആലത്തൂര്‍ പുതിയ ബസ് സ്റ്റാന്റിനു സമീപം ഇബ്രാഹീം കോംപ്ലക്‌സിലെ ന്യൂ സജ്‌ന മൊബൈല്‍ ഷോപ്പില്‍ നടന്ന മോഷണ കേസില്‍ അറസ്റ്റിലായ മംഗലംഡാം വീട്ടിക്കല്‍കടവ് കാവുപുരയ്ക്കല്‍ വീട്ടില്‍ ജിബി തോമസിന്റെ ബന്ധുവാണ് എസ്പി തലത്തിലുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥനെന്നാണ് വിവരം. ബന്ധുവിനെ കേസില്‍ നിന്നൊഴിവാക്കാനുള്ള ഉദ്യോഗസ്ഥന്റെ ഇടപെടല്‍ പരിഗണിക്കാത്തതാണ് സ്ഥലം മാറ്റത്തിനു പിന്നിലെന്നും ആക്ഷേപമുണ്ട്. ഈ കേസില്‍ സമീപത്തെ കംപ്യൂട്ടര്‍ സ്ഥാപനത്തിലെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. ഇതേ കേസില്‍ പ്രതികളായ അയിലൂര്‍ ഒലിപ്പാറ സിജോണ്‍ ജോയ്, പോത്തുണ്ടി സ്വദേശി പ്രണവ്, ഒലിപ്പാറ സ്വദേശി റിന്‍ഷാദ് എന്നിവരെ ഇതുവരെ പിടികൂടിയിട്ടില്ല. കേസില്‍ അറസ്റ്റിലായ പ്രതിയെ ഒഴിവാക്കണമെന്ന് അന്നേ പോലിസിനു മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെ അടച്ചു പൂട്ടിയ വീടുകള്‍ കുത്തിതുറന്ന് സ്വര്‍ണവും പണവും മോഷ്ടിക്കുന്ന വന്‍ സംഘത്തിലെ രണ്ടു പേരെ എസ്.ഐ.എസ്.അനീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വോഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

RELATED STORIES

Share it
Top