ഉദ്യോഗാര്‍ഥികളെ വട്ടംചുറ്റിച്ച് സഹകരണ പരീക്ഷാ ബോര്‍ഡ്

ഇടുക്കി: സഹകരണ ബാങ്കുകളിലേക്ക് ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷ നടത്തി സഹകരണ പരീക്ഷാ ബോര്‍ഡ് ഉദ്യോഗാര്‍ഥികളെ വട്ടംചുറ്റിച്ചു. ഇന്നലെയാണ് ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി തൊടുപുഴയില്‍ പരീക്ഷ നടത്തിയത്. ജയറാണി, സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്്കൂള്‍ അടക്കമുള്ള സ്‌കൂളുകളിലായിരുന്നു പരീക്ഷ. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്്കൂള്‍ എന്ന സെന്റര്‍ ആണ് പരീക്ഷയ്‌ക്കെത്തിയവരെ ആശയക്കുഴപ്പത്തിലാക്കിയത്. തൊടുപുഴ നഗരത്തില്‍ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ സര്‍ക്കാരിന്റേതായി ഉണ്ട്. ബോയ്‌സ് സ്‌കൂളും ഗേള്‍സ് സ്‌കൂളും.
രണ്ടും അറിയപ്പെടുന്നത് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്്കൂള്‍ എന്ന പേരിലും. ഗേള്‍സ് സ്‌കൂളിന് എപിജെ അബ്്ദുല്‍ കലാം സ്‌കൂള്‍ എന്ന് നാമകരണം ചെയ്തിട്ടുണ്ടെങ്കിലും സഹകരണ പരീക്ഷാ ബോര്‍ഡ് അധികൃതര്‍ അറിഞ്ഞ മട്ടില്ല.  എപിജെ അബ്്ദുല്‍ കലാം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്്കൂള്‍ എന്നാണ് പരീക്ഷ സെന്റര്‍ എന്ന് വ്യക്തമാക്കിയിരുന്നെങ്കില്‍ വിദ്യാര്‍ഥികള്‍ കുഴങ്ങില്ലായിരുന്നു. നിരവധി ഉദ്യോഗാര്‍ഥികളാണ് ബോയ്‌സ് സ്‌കൂളില്‍ പരീക്ഷയ്ക്കായി എത്തിയത്. വളരെ വിദൂരങ്ങളില്‍ നിന്ന് അവസാന സമയത്ത് ഇവിടെ എത്തിയപ്പോഴാണ് സ്‌കൂള്‍ ഇതല്ലെന്ന് മനസ്സിലാവുന്നത്.
പിന്നെ തിരക്കിനിടയിലൂടെ ഗേള്‍സ് സ്‌കൂളില്‍ എത്തിയപ്പോഴേക്കും പരീക്ഷ തുടങ്ങിക്കഴിഞ്ഞിരുന്നു. പരീക്ഷ എഴുതാന്‍ സാധിച്ചെങ്കിലും വിലപ്പെട്ട സമയമാണ് നഷ്ടപ്പെട്ടത്. ഒപ്പം അനുഭവിച്ചത് വന്‍ സമ്മര്‍ദ്ദവും. സഹകരണ ബാങ്കുകളിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് തിരുവനന്തപുരത്തുള്ള സഹകരണ പരീക്ഷാ ബോര്‍ഡ് അധികൃതരാണ്.
ഇവര്‍ക്ക് ജില്ലാ സഹകരണ രജിസ്ട്രാറെയോ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെയോ വിളിച്ച് ജില്ലയുടെ സാഹചര്യം മനസ്സിലാക്കി കാര്യങ്ങള്‍ ചെയ്യാവുന്നതേയുള്ളൂ. എന്നാല്‍, അത് ഉണ്ടായില്ലെന്നു പറയുന്നു. അതുപോലെ തൊടുപുഴയില്‍ മാത്രം പരീക്ഷാ സെന്റര്‍ ഒതുക്കിയതും ഉദ്യോഗാര്‍ഥികള്‍ക്കു വിനയായി. മുന്‍വര്‍ഷങ്ങളിലൊക്കെ ഒന്നോ രണ്ടോ സെന്റര്‍ കട്ടപ്പന കേന്ദ്രമാക്കി ഹൈറേഞ്ചിനു പ്രാതിനിധ്യം നല്‍കിയിരുന്നു. ഇന്നലെ മറയൂര്‍, കുമളി, രാമക്കല്‍മേട്, പീരുമേട്, മുണ്ടക്കയം അടങ്ങുന്ന വിശാലമായ റവന്യൂ ജില്ലയുടെ വിവിധ മേഖലകളില്‍ നിന്ന് പരീക്ഷാര്‍ഥികള്‍ക്ക് തൊടുപുഴയില്‍ എത്തേണ്ടിവന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ തലേന്ന് തന്നെ തൊടുപുഴയില്‍ എത്തി താമസിച്ചാണ് പരീക്ഷ എഴുതിയത്.
ഹൈറേഞ്ച്, തൊടുപുഴ എന്നീ മേഖലകള്‍ തിരിച്ച് പരീക്ഷ നടത്തിയിരുന്നെങ്കില്‍ ഏറെ സഹായകരമായേനെ. ഇതിനുള്ള നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല. ഇതിനിടയ്ക്കാണ് ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയില്‍ പരീക്ഷാ സെന്ററിന്റെ പേരും ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയത്. ഇനി വരാനുള്ള പരീക്ഷകള്‍ക്കെങ്കിലും ഉദ്യോഗാര്‍ഥികളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലുള്ള സമീപനം അധികൃതര്‍ സ്വീകരിക്കണം എന്നാണ് പരീക്ഷയ്‌ക്കെത്തിയവരുടെ ആവശ്യം.

RELATED STORIES

Share it
Top