ഉദ്യോഗസ്ഥ വീഴ്ച മറച്ചുവയ്ക്കാന്‍ തന്നെ അധികൃതര്‍ ബലിയാടാക്കി: ഡോക്ടര്‍ കഫീല്‍ഖാന്‍ലഖ്‌നോ: ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ നവജാതശിശുക്കള്‍ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാര്‍ ജയിലിലിടച്ച ഡോക്ടര്‍ കഫീല്‍ഖാന്‍ തന്റെ ദുരിതാവസ്ഥ വിശദീകരിച്ച് ജയിലില്‍ നിന്നയച്ച കത്ത് പുറത്ത്. ഉദ്യോഗസ്ഥവീഴ്ച മറച്ചുവയ്ക്കാന്‍ തന്നെ അധികൃതര്‍ ബലിയാടാക്കുകയാണെന്ന് ഡോക്ടര്‍ കത്തില്‍ പറയുന്നു. ഏപ്രില്‍ 18നാണ് കത്തയച്ചിരിക്കുന്നത്.
കഫീല്‍ഖാന്‍ തെറ്റുകാരനല്ലെന്നു വ്യക്തമാക്കി ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് കത്ത് പുറത്തുവിട്ടത്.
ഓക്‌സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിവിന്റെ പരമാവധി പ്രയത്‌നിച്ചു. ഡിപാര്‍ട്ട്‌മെന്റ് തലവനെയും സഹപ്രവര്‍ത്തകരെയും ബിആര്‍ഡി പ്രിന്‍സിപ്പലിനെയും ആക്റ്റിങ് പ്രിന്‍സിപ്പലിനെയും ഗോരഖ്പൂരിലെ ജില്ലാ മജിസ്‌ട്രേറ്റിനെയും ഗോരഖ്പൂരിലെ ആരോഗ്യവിഭാഗം അഡീഷനല്‍ ഡയറക്ടറെയും വിളിച്ചു. അന്നത്തെ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അറിയിച്ചു. എന്റെ കൈയില്‍ കോള്‍റിക്കാഡുകളുണ്ട്.
ഗ്യാസ് സപ്ലൈയേഴ്‌സ്, സമീപത്തെ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്കായി യാചിച്ചു.
250 ജംബോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തു. സിലിണ്ടറുകള്‍ പോരാതെ വരുമെന്നു തോന്നിയപ്പോള്‍ ആംഡ് ബോര്‍ഡര്‍ ഫോഴ്‌സിലേക്ക് ചെന്നു. അതിന്റെ ഡിഐജി ഒരു വലിയ ട്രക്കും ഒരുകൂട്ടം സൈനികരെയും വിട്ടുതന്നു.
അവര്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. ഞാന്‍ അവരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ സഹായത്തിന് എന്നും നന്ദിയുള്ളവനായിരിക്കും- കത്തില്‍ പറയുന്നു.
പിറ്റേന്ന് ആഗസ്ത് 13ന് 1.30നു ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നതു വരെ ഞങ്ങള്‍ വിശ്രമിച്ചതേയില്ല.
പക്ഷേ, എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്ത ദിവസം വന്നതോടെയാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സിലിണ്ടറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നു കരുതുന്നുണ്ടോയെന്നാണ് യോഗി ചോദിച്ചത്.
അന്ന് രാത്രി തന്നെ പോലിസ് വീട്ടിലേക്കു വന്നു. ഭീഷണിപ്പെടുത്തി, വേട്ടയാടി എന്റെ കുടുംബത്തെ അവര്‍ പീഡിപ്പിച്ചു. അവര്‍ തന്നെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് ആളുകള്‍ താക്കീത് ചെയ്തു. എന്റെ കുടുംബത്തെ അപമാനത്തില്‍നിന്നു രക്ഷിക്കാനാണു കീഴടങ്ങിയത്. പോലിസ് സ്‌റ്റേഷനില്‍നിന്ന് കോടതിയിലേക്ക്, ഗോരഖ്പൂരില്‍നിന്ന് അലഹബാദിലേക്ക്  നീതിലഭിക്കാന്‍ അവര്‍ ഓടുകയാണ്.
മേലധികാരികള്‍ തന്നെ ബലിയാടാക്കുകയായിരുന്നു. സ്വതന്ത്രനായി എന്റെ കുടുംബത്തിന്റെയും മകളുടെയും കൂടെ ആയിരിക്കുന്ന സമയമുണ്ടാവുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.-കത്തില്‍ കഫീല്‍ഖാന്‍ പറയുന്നു.

RELATED STORIES

Share it
Top