ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് വിജിലന്‍സ് അന്വേഷണം തുടങ്ങികല്‍പ്പറ്റ: പിഎസ്‌സി നിയമനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാത്തതു സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷണം. അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്ലാണ് സംസ്ഥാനത്തുടനീളം പ്രധാന സര്‍ക്കാര്‍ ഓഫിസുകളില്‍ പരിശോധന നടത്തുന്നത്. അണ്ടര്‍ സെക്രട്ടറി വി സെന്നിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ പരിശോധന ആരംഭിച്ചത്. എല്ലാ വകുപ്പുകളുടെയും പ്രധാനപ്പെട്ട ഓഫിസുകളില്‍ സംഘം മൂന്നുദിവസം കൊണ്ടെത്തും. കല്‍പ്പറ്റയിലായിരുന്നു ആദ്യ ദിവസത്തെ പരിശോധന. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് പിഎസ്‌സി നിയമനവും ഒഴിവുകളും സംബന്ധിച്ച അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ആദ്യഘട്ട പരിശോധനയില്‍ സംസ്ഥാനത്തുടനീളം മൂവായിരത്തിലധികം ഒഴിവുകള്‍ കണ്ടെത്തിയിരുന്നു. രണ്ടാംഘട്ട പരിശോധന ഈ മാസം അവസാനം പൂര്‍ത്തിയാവും. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാത്തതിന്റെ പേരില്‍ നിയമനം വൈകുന്നുവെന്ന പരാതിയിന്മേലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. ഈ മാസം അവസാനത്തോടെ അന്വേഷണ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ഏകദേശം 5000ത്തിലധികം ഒഴിവുകള്‍ ഇങ്ങനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്. സര്‍ക്കാര്‍ നടപടികളെ നിരസിക്കുന്ന വകുപ്പ് മേധാവികള്‍ക്കെതിരേ നടപടിയുണ്ടാവാന്‍ സാധ്യതയുണ്ട്.

RELATED STORIES

Share it
Top