ഉദ്യോഗസ്ഥരെ ബന്ദികളാക്കി ആദിവാസികളുടെ ആത്മഹത്യാ ഭീഷണി

മഞ്ചേരി: ആദിവാസി ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ മമ്പാടു നിന്നെത്തിയ പ്രവര്‍ത്തകര്‍ മഞ്ചേരിയില്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയറെ ബന്ദിയാക്കി ആത്മഹത്യാ ഭീഷണി മുഴക്കി. വീട്ടിക്കുന്ന്, മാടം, കല്ലുവാരി കോളനികളിലെ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരേയും ഇവരുടെ ഏക സഞ്ചാര പാതയായ മുണ്ടേങ്ങര-പുള്ളിപ്പാടം-വീട്ടിക്കുന്ന് റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചുമായിരുന്നു സമരം.
ഓഫിസ് ഉപരോധിച്ച പ്രവര്‍ത്തകര്‍ അടുത്തുള്ള മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.എകെഎസ് വണ്ടൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലെത്തിയ അന്‍പതോളം പ്രവര്‍ത്തകര്‍ ഉച്ചക്ക് 12 മണിയോടെ ഉപരോധ സമരം ആരംഭിക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ഹരിഷിനെ ഓഫിസില്‍ പൂട്ടിയിട്ടായിരുന്നു സമരം. ഇതോടെ അഞ്ച്് വനിതാ ജീവനക്കാരുള്‍പെടെ 20 പേര്‍ ഓഫിസിനകത്ത് അകപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ക്കും  സമരത്തെ തുടര്‍ന്ന് ഓഫിസില്‍ പ്രവേശിക്കാനായില്ല. സമരക്കാരുമായി ആദ്യഘട്ടങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പ്രശ്‌നപരിഹാരമില്ലാതെ മടങ്ങില്ലെന്ന പ്രഖ്യാപനവുമായി സ്ത്രീകളടക്കമുള്ള കോളനിവാസികള്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചു. ഇതിനിടെ ചര്‍ച്ചക്കെത്തിയ ഏറനാട് താലൂക്ക് തഹസില്‍ദാര്‍ പി സുരേഷിനേയും ഓഫിസില്‍ നിന്നും പുറത്തു പോവാന്‍ സമരക്കാര്‍ അനുവദിച്ചില്ല.പ്രശ്‌നം സങ്കീര്‍ണമായതോടെ മഞ്ചേരി സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. പോലിസിന്റെ സാനിധ്യത്തില്‍ തുടര്‍ന്നു നടന്ന ചര്‍ച്ചകളിലും ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന നിലപാടില്‍ ആദിവാസികള്‍ ഉറച്ചു നിന്നു.
പരിഹാരമില്ലാതെ തുടര്‍ന്ന ചര്‍ച്ചകള്‍ക്കിടെ വീട്ടിക്കുന്ന് കോളനിയിലെ കുമാര്‍ദാസ്, സുധീഷ് എന്നിവര്‍ ഓഫിസ് വളപ്പിലെ ആല്‍മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ കൂടുതല്‍ പോലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. ആംബുലന്‍സ് സംവിധാനവും ഒരുക്കി. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരത്തിന് കളമൊരുങ്ങിയത്. 45 ദിവസത്തിനകം പാത ഗതാഗത യോഗ്യമാക്കാമെന്നും മഴക്കാലത്തിനു ശേഷം ടെണ്ടര്‍ വിളിച്ച് ടാറിംഗ് പൂര്‍ത്തിയാക്കാമെന്നും ഡെപ്യൂട്ടി കലക്ടര്‍ സമരക്കാര്‍ക്ക് രേഖാമൂലം ഉറപ്പു നല്‍കി. അനുരഞ്ജന ചര്‍ച്ചയ്ക്കു ശേഷം രാത്രി ഏഴു മണിയോടെയാണ് ഓഫിസില്‍ നിന്നും ജീവനക്കാര്‍ക്ക് പുറത്തിറങ്ങാനായത്.അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിക്കാതെ വന്നാല്‍ ശക്തമായ സമരം നടത്തുമെന്ന് കോളനികളില്‍ നിന്നെത്തിയവര്‍ പറഞ്ഞു. 2016ലും ഇതേ ആവശ്യമുന്നയിച്ച് കോളനിക്കാര്‍ പ്രക്ഷോഭവുമായെത്തിയിരുന്നു.
അന്നും രേഖാമൂലം ഉറപ്പു നല്‍കിയിരുന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിരുന്നില്ല. മുണ്ടേങ്ങരയില്‍ നിന്നാരംഭിക്കുന്ന കോളനി റോഡ് പുള്ളിപ്പാടം വരെയാണുള്ളത്. തുടര്‍ന്ന് ഏഴു കിലോമീറ്റര്‍ ദൂരം നടപ്പാത പോലുമില്ലാത്ത അവസ്ഥയിലാണ്. വീട്ടിക്കുന്ന, മാടം, കല്ലുവാരി കോളനികളിലുള്ള രോഗികളേയും ഗര്‍ഭിണികളേയും ആശുപത്രിയിലെത്തിക്കാന്‍ പോലും വാഹന സൗകര്യം ആദിവാസികള്‍ക്കില്ല. നടന്നും തലച്ചുമടായുമാണ് രോഗികളെ കോളനികളില്‍ നിന്നും പുറത്തെത്തിക്കാറ്. 17 വര്‍ഷം മുമ്പ് നിര്‍മിച്ച റോഡ് ഇതുവരെ അറ്റകുറ്റപണികളും ടാറിങും നടത്താത്തതിനാല്‍ തീര്‍ത്തും തകര്‍ന്നടിഞ്ഞു കിടക്കുകയാണെന്നും സമരക്കാര്‍ പറഞ്ഞു.

RELATED STORIES

Share it
Top