ഉദ്യോഗസ്ഥയെ വെടിവച്ചു കൊന്ന സംഭവം: കോടതി സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: സുപ്രിംകോടതി ഉത്തരവ് പ്രകാരം ഹിമാചല്‍ പ്രദേശില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാനെത്തിയ ഉദ്യോഗസ്ഥയെ പട്ടാപകല്‍ വെടി വച്ച് കൊന്ന സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു.
ഇതു വളരെ ഗൗരവമായി കാണേണ്ട സംഭവമാണെന്നും സുപ്രിംകോടതി ഉത്തരവിനോടുള്ള ധിക്കാരമാണെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. ഇത്തരത്തില്‍ കൊലപാതകങ്ങള്‍ നടത്തുകയാണെങ്കില്‍ സുപ്രിംകോടതി വിധി പ്രസ്താവിക്കുന്നതു നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയിലെ കസൗലിയിലാണ് അസിസ്റ്റന്റ് ടൗണ്‍പ്ലാനര്‍ ഷയ്ല്‍ ബാലശര്‍മ എന്ന ഉദ്യോഗസ്ഥയെ അനധികൃത ഗസ്റ്റ് ഹൗസിന്റെ ഉടമയും ഇലക്ട്രിസിറ്റി വകുപ്പില്‍ ഉദ്യോഗസ്ഥനുമായ വിജയ്‌സിങ് വെടിവെച്ചു കൊന്നത്. മൂന്നു ബുള്ളറ്റുകളാണ് ഇവരുടെ ശരീരത്തില്‍ നിന്നു കണ്ടെടുത്തത്.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണു സുപ്രിംകോടതി നടത്തിയത്. ഉദ്യോഗസ്ഥര്‍ മതിയായ സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കോടതി പറഞ്ഞു. കേസ് ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വീണ്ടും പരിഗണിച്ചേക്കും. കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കണമെന്ന് ജസ്റ്റിസ് ലോകൂറിന്റെ ബെഞ്ച് അപേക്ഷിച്ചിട്ടുണ്ട്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഗസ്റ്റ് ഹൗസ് ഉടമ വിജയ് സിങിനെ ഇന്നലെ വൈകിയും കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഹിമാചല്‍ പോലിസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ വൈദ്യുതി വകുപ്പില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

RELATED STORIES

Share it
Top