ഉദ്ഘാടനവേദിയില്‍ താരമായത് മെട്രോമാന്‍ ; അദ്ഭുതംകൂറി പ്രധാനമന്ത്രികൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ രാജ്യത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ മിന്നുംതാരമായി മാറിയത് കൊച്ചി മെട്രോ നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ച ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍. കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാന്‍ രാപകല്‍ അധ്വാനിച്ച ഇ ശ്രീധരന് മലയാളിയുടെ മനസ്സില്‍ ഏറെ സ്ഥാനമുണ്ടെന്നു തെളിയിക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹത്തിന് സദസ്സ് നല്‍കിയ ഹര്‍ഷാരവം. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് സ്വാഗതം ചെയ്തപ്പോള്‍ ലഭിച്ചതിനേക്കാള്‍ കാതടപ്പിക്കുന്ന കരഘോഷവും ആര്‍പ്പുവിളികളുമാണ് ഇ ശ്രീധരനു ലഭിച്ചത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളെ സ്വാഗതം ചെയ്തതിനു ശേഷം ഇ ശ്രീധരന്റെ പേരു പറഞ്ഞയുടനെ തന്നെ സദസ്സ് എഴുന്നേറ്റു നിന്ന് ഹര്‍ഷാരവം മുഴക്കി. കാതടപ്പിക്കുന്ന വിധത്തില്‍ സദസ്സില്‍ നിന്നു കരഘോഷം ഉയര്‍ന്നതോടെ ഒരു നിമിഷം ഏലിയാസ് ജോര്‍ജിന് പ്രസംഗം നിര്‍ത്തേണ്ടി വന്നു. സദസ്സിന്റെ ആവേശം കണ്ട് പ്രധാനമന്ത്രിയും അമ്പരന്നു. തുടര്‍ന്ന് പ്രസംഗിച്ച കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവും മുഖ്യമന്ത്രി പിണറായി വിജയനും മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരനെ അഭിനന്ദിച്ചു.കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ഇ ശ്രീധരന്‍ നല്‍കിയ സേവനം എടുത്തു പറയേണ്ടതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.  ഉദ്ഘാടനച്ചടങ്ങു കഴിഞ്ഞ് വേദിയില്‍ നിന്നു പുറത്തേക്കിറങ്ങിയ ശ്രീധരനു ചുറ്റും അഭിനന്ദനങ്ങളുമായി ജനങ്ങള്‍ പൊതിഞ്ഞു.  ശ്രീധരനോട് പ്രതികരണം ചോദിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരോട് എല്ലാത്തിനും നന്ദിയെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ നിന്ന് ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇ ശ്രീധരനെ ഒഴിവാക്കിയിരുന്നു. ഇതിനെതിരേ സമൂഹത്തില്‍ നിന്നു കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ശ്രീധരന് വേദിയില്‍ ഇടംനല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തയ്യാറായത്.

RELATED STORIES

Share it
Top