ഉദ്ഘാടനത്തിന് മുമ്പെ കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന് കേടുപാടുകള്‍

കുന്ദമംഗലം: കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം ഘട്ട പ്രവൃത്തി ആരംഭിച്ചതോടെ ഒന്നാം ഘട്ടത്തില്‍ നിര്‍മിച്ച ഇരുനില കെട്ടിടത്തിന് കേടുപാടുകളും സംഭവിക്കുന്നു. ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി ഓഫിസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറാനിരിക്കെയാണ് ഒന്നാം ഘട്ടത്തില്‍ നിര്‍മിച്ച കേടുപാടുകള്‍ സംഭവിക്കുന്നത്. പുറകുവശത്ത് സ്ഥാപിച്ച മഴവെള്ളം പുറത്തേക്ക് ഒഴുക്കി വിടാന്‍ സ്ഥാപിച്ച പൈപ്പുകള്‍ തകര്‍ന്നു. മിനി സിവില്‍ സ്റ്റെഷന്റെ മുന്‍ വശത്ത് സ്ഥാപിച്ച ബോര്‍ഡ് തകര്‍ന്നു. മുകളിലേക്ക് കെട്ടിട നിര്‍മാണ സാമഗ്രഹികള്‍ കയറ്റുന്നതിനിടെ മുന്‍ വശത്തെ ചുമരില്‍ തട്ടിയാണ് ബോര്‍ഡ് തകര്‍ന്നത്. ഇപ്പോഴത്തെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ യാതൊരു മുന്‍കരുതലും ഇല്ലാതെയാണ് ഇവിടെ പണി നടക്കുന്നത്. കരാറുകാരന്റെയും പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുന്ന തുകയും അടങ്ങിയ വിവരങ്ങള്‍ പണി നടക്കുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇതൊന്നും ഇവിടെ പാലിക്കപെടുന്നില്ല. രണ്ടു മാസം മുമ്പ് ആരംഭിച്ച രണ്ടാം ഘട്ട പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. കെട്ടിടം പണി ആരംഭിച്ചപ്പോള്‍ തന്നെ പഴയ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചത് കാരണം ഓഫിസുകള്‍ ഇങ്ങോട്ട് മാറ്റാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്കക്കിടയാക്കുന്നു. ഒന്നാം ഘട്ടം നിര്‍മിച്ച കെട്ടിടത്തിനലേക്ക് വൈദ്യുതി വലിക്കുന്ന പണി അവസാന ഘട്ടത്തിലാണ്. ഈ ആഴ്ച തന്നെ കെട്ടിടത്തിന് വൈദ്യുതി ലഭിക്കും. വൈദ്യുതി ലഭിച്ചാല്‍ ഉടന്‍ തന്നെ എക്‌സൈസ് റെയിഞ്ച് ഓഫീസ് ഇങ്ങോട്ട് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ പ്രധാന കവാടത്തിന് മുകളില്‍ സ്ഥാപിച്ച ബോര്‍ഡ് തകര്‍ന്നത് പരാതിക്ക് ഇടയാക്കുന്നു. ലക്ഷക്കണക്കിന്— രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി നടക്കുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇല്ലാതെയാണ് കോണ്‍ക്രീറ്റ് പണി പോലും നടക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടത്തില്‍ അഴിമതി നടക്കാന്‍ ഇത് കാരണമാകും.RELATED STORIES

Share it
Top