ഉദ്ഘാടനത്തിന് മന്ത്രിമാരെ കാത്ത് ആരോഗ്യകേന്ദ്രങ്ങള്‍

ഹരിപ്പാട്: നിലംപൊത്താറായതും വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ രണ്ട്  ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും ഉദ്ഘാടനം വൈകുന്നു. വീയപുരം ഗ്രാമപ്പഞ്ചായത്തിലാണ് രണ്ട് ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാത്തത്. ഉദ്ഘാടനത്തിന് മന്ത്രിമാരെ കാത്തിരിക്കുന്നതാണ് കാലതാമസത്തിനു കാരണമാവുന്നത്.
കഴിഞ്ഞ നവംബറിലാണ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കു വേണ്ടിയുള്ള കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, ധനമന്ത്രി തോമസ് ഐസക്ക് എന്നിവരെക്കൊണ്ട് ഒരുദിവസം തന്നെ രണ്ട് ആരോഗ്യകേന്ദ്രത്തിന്റെയും ഉദ്ഘാടനം നടത്താനാണ് തീരുമാനമെന്നാണ് സൂചന. നിയമ സഭ കൂടുന്നതിനാല്‍ മന്ത്രിമാരെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. ഇങ്ങനെ വന്നാല്‍ ഏപ്രില്‍ മാസത്തോട് കൂടിയെ പൊതുജനങ്ങള്‍ക്കായി ഈ ആരോഗ്യ കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കാന്‍ കഴിയുകെയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.
പതിറ്റാണ്ടുകളായി വീയപുരം എന്‍എസ്എസ് കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിക്കുന്ന ആയൂര്‍വേദ ഡിസ്‌പെന്‍സറിയാണ് കാരിച്ചാല്‍ സെന്റ്‌മേരീസ് പള്ളിക്ക് കിഴക്കുവശം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇല്ലിക്കുളത്ത്  വീട്ടില്‍ ജയശ്രീ മധുകുമാര്‍ അഞ്ചു സെന്റ് വസ്തു ഗ്രാമപ്പഞ്ചായത്തിന് സൗജന്യമായി നല്‍കിയിരുന്നു. ഈ വസ്തുവിലാണ് 46ലക്ഷം രൂപ ചെലവില്‍ ഡിസ്‌പെന്‍സറിക്കു വേണ്ടി കെട്ടിടം നിര്‍മിച്ചത്. ലോക ബാങ്ക് തദ്ദേശമിത്രം 2016-17 അധികധനസഹായം ഉപയോഗിച്ചാണ് ആയൂര്‍വേദ ഡിസ്‌പെന്‍സറിയുടെ കെട്ടിടം നിര്‍മാണം വര്‍ഷങ്ങളായി കാരിച്ചാല്‍ സെന്റ് ജോര്‍ജ് പള്ളിവക കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പായിപ്പാട് വെളിയം ജങ്ഷന് പടിഞ്ഞാറു വശത്ത് 20 സെന്റ് വസ്തു ഗ്രാമപ്പഞ്ചായത്ത് വിലക്കു വാങ്ങിയിരുന്നു. ഇവിടെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചു വന്നിരുന്നത്. നിലവിലെ കെട്ടിടത്തിന്റെ പോരായ്മ പരിഹരിക്കുന്നതിനു വേണ്ടിയാണ് പുതിയ കെട്ടിടം പണിതത്.
കാലക്രമേണ മുകളില്‍ കൂടുതല്‍  നിലകളെടുക്കാന്‍ കഴിയുന്ന  തരത്തിലാണ് അടിത്തറ പണിഞ്ഞിരിക്കുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസാദ് കുമാര്‍ പറഞ്ഞു. നിലവിലെ കെട്ടിടം പൊളിച്ചുമാറ്റി അവിടെ പുതിയകെട്ടിടം പണിത് കിടത്തിചികില്‍സക്കുള്ള സജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2005-06ല്‍ ഡോ. കെ സി  ജോസഫ് എംഎല്‍എആയിരിക്കെയാണ് പ്രാദേശികവികസന ഫണ്ടില്‍ നിന്നും 10ലക്ഷം രൂപ മുതല്‍ മുടക്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പണിയുന്നത്.
ഈ കെട്ടിടം നിലം പൊത്താറായതോടെയാണ് പുതിയ കെട്ടിടം പണിയാന്‍ തീരുമാനമെടുക്കുന്നത്. ലോക ബാങ്ക് തദ്ദേശ മിത്രം2016-17അധിക ധനസഹായ പദ്ധതി പ്രകാരം 60ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ആയൂര്‍വേദ ആശുപത്രി യാഥാര്‍ത്ഥ്യമാകുന്നതോടെ കാരിച്ചാല്‍, പായിപ്പാട്, ചെറുതന, വെള്ളംകുളങ്ങര, എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്കും, പായിപ്പാട്, ആനാരി ആയാപറമ്പ്, പാണ്ടി, വള്ളക്കാലി, മേല്‍പാടം,പുത്തന്‍ തുരുത്ത്, പോച്ച, വീയപുരം, തേവേരി ഇരതോട് ഭാഗങ്ങളിലുള്ളവര്‍ക്കും ആശ്വാസ കേന്ദ്രമാകും ഈ ആരോഗ്യ കേന്ദ്രങ്ങള്‍.

RELATED STORIES

Share it
Top