ഉദ്ഘാടനത്തിനു മുന്നേ പൈപ്പ് പൊട്ടല്‍ തുടങ്ങി

കാളികാവ്: ചോക്കാട് പഞ്ചായത്ത് ജലനിധി പദ്ധതിയുടെ പൈപ്പ് പൊട്ടി  വെള്ളം പാഴാവുന്നു. പുല്ലങ്കോട് വെടിവെച്ചപാറയിലാണ് പൈപ്പ് പൊട്ടി വെള്ളം ഉയര്‍ന്ന് പൊങ്ങിയത്. വെടിവെച്ചപാറയില്‍നിന്ന് ചടച്ചിക്കല്ല് ഭാഗത്തേക്ക് പോവുന്ന പൈപ്പിന്റെ ജോയിന്റിലാണ് പൊട്ടിയത്.
ശനിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് കുതിച്ചൊഴുകി പാഴായത്.കാളികാവ് പഞ്ചായത്തിലെ മധുമല കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ചോക്കാട്  പഞ്ചായത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ജലനിധി പദ്ധതി രൂപീകരിച്ചാണ് വെള്ളം എത്തിക്കുന്നത്. എന്നാല്‍, ഉദ്ഘാടനത്തിനുമുമ്പ് തന്നെ ജലവിതരണ പൈപ്പുകള്‍ വന്‍തോതില്‍ പൊട്ടുന്നത് പതിവാണ്.
വെടിവെച്ചപാറയിലെ കപ്പക്കുന്നന്‍ മൂസ എന്നയാളുടെ വീടിന് മുന്നിലാണ് പൈപ്പ് പൊട്ടിയത്. ഉയര്‍ന്ന് പൊങ്ങുന്ന വെള്ളം വലിയ പാറക്കല്ല് ഇട്ട് തടുത്ത് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് കാരണം സാധിച്ചില്ല. ജലവിതരണ പൈപ്പ് പൊട്ടിയതോടെ വെടിവെച്ചപാറ മുതല്‍ ചോക്കാട് വരേയുള്ള ജലവിതരണം മുടങ്ങി. പൈപ്പ് പൊട്ടി വെള്ളം ഉയര്‍ന്ന് പൊങ്ങിയതോടെ ചില വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കഴുകുന്നതും കാണാമായിരുന്നു. റോഡിലൂടെ പരന്നൊഴുകിയ വെള്ളം സമീപത്തെ തോടിലേക്ക് ഒഴുകി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് വെള്ളം നിയന്ത്രിക്കാനായത്.

RELATED STORIES

Share it
Top