ഉദുമ മണ്ഡലത്തില്‍ 156.80 കോടിയുടെ റോഡ് നിര്‍മാണത്തിന് ടെന്‍ഡറായി

ഉദുമ: മണ്ഡലത്തിലെ രണ്ടു പ്രധാന റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനു 156.80 കോടി രൂപയുടെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തതായി കെ കുഞ്ഞിരാമന്‍ എംഎല്‍എ അറിയിച്ചു തെക്കില്‍ആലട്ടി (പൊയ്‌നാച്ചി-ബന്തടുക്ക) റോഡ് പ്രവൃത്തിക്ക് 71.65 കോടി രൂപയും എടപ്പറമ്പ-കോളിച്ചാല്‍ റോഡിന് 85.15 കോടി രൂപയുമാണ് ടെന്‍ഡറായത്.
മെയ് മാസത്തില്‍ ഇരു റോഡുകളുടെയും നിര്‍മാണ പ്രവൃത്തി ആരംഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു. പൊയ്‌നാച്ചി ദേശീയപാതയില്‍ നിന്നു ആരംഭിച്ച് ചെമനാട്, പള്ളിക്കര, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പ്രധാന പൊതുമരാമത്ത് റോഡാണ് തെക്കില്‍-ആലട്ടി റോഡ്. 34.5 കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡ് ആധുനിക രീതിയില്‍ അഭിവൃദ്ധിപ്പെടുത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഏഴു മീറ്റര്‍ വീതിയില്‍ ഡെന്‍സ് ബിറ്റുമിന്‍ മെക്കാഡം രീതിയിലാണ് ടാര്‍ ചെയ്യുക.
മാണിമൂല, പുളിഞ്ചില്‍ പാലം പുതുക്കി പണിയല്‍, 15 കിലോമീറ്റര്‍ ഡ്രൈനേജ്, കരിച്ചേരി കയറ്റിറക്കങ്ങളില്‍ ക്രാഷ് ബാരിയര്‍, പൊയ്‌നാച്ചി, കുണ്ടംകുഴി, മുന്നാട്, കുറ്റിക്കോല്‍, പടുപ്പ്, ബന്തടുക്ക എന്നീ പ്രധാന ജങ്ഷനുകളില്‍ ഇന്റര്‍ലോക്ക് തുടങ്ങിയവയും നടത്തും. ബേഡകത്തെ വളവ് ഒഴിവാക്കുന്നതിനു 42 സെന്റ് സ്ഥലം കൂടി അക്വയര്‍ ചെയ്യാനായി തുകയും എസ്റ്റിമേറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top