ഉദയനാപുരത്തെ ജല സംഭരണ പ്ലാന്റ് നിര്‍മാണം; കിണറുകള്‍ വറ്റുന്നുതലയോലപ്പറമ്പ്: ഉദയനാപുരം പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുമ്പോള്‍ ഭൂഗര്‍ഭജലം ഊറ്റാന്‍ ജലസംഭരണ പ്ലാന്റ് നിര്‍മാണം തകൃതി. പഞ്ചായത്തിലെ 11ാം വാര്‍ഡിലാണ് കരമണല്‍ ഖനനത്തിനെടുത്ത നൂറ് അടിയിലേറെ താഴ്ചയുള്ള കുഴികളുടെ വശങ്ങള്‍ കരിങ്കല്‍കൊണ്ട് കെട്ടിയെടുത്ത് ഇവിടങ്ങളില്‍ ജലസംഭരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സ്വകാര്യവ്യക്തി നിര്‍മാണം നടത്തുന്നത്. ദിവസേന 50ഓളം തൊഴിലാളികളാണ് ഇവിടെ നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നൂറ് അടിയോളം താഴ്ചയുള്ള കുഴികളുടെ ആഴം വീണ്ടും മോട്ടറുകള്‍ ഉപയോഗിച്ച് കൂട്ടിയാണ് ഭൂഗര്‍ഭജലം ശേഖരിക്കാനുള്ള ജോലികള്‍ പുരോഗമിക്കുന്നത്. പഞ്ചായത്തില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും വര്‍ധിച്ചതോതിലുള്ള ചരല്‍മണല്‍ ശേഖരമുള്ളതു കൊണ്ട് നല്ല ശുദ്ധജല സാധ്യത ലക്ഷ്യമിട്ടാണ് കരമണല്‍ ലോബികള്‍ പുതിയ വിപണന തന്ത്രവുമായി താവളമുറപ്പിച്ചിരിക്കുന്നത്. പ്രധാന റോഡുകളില്‍ നിന്ന് അകന്നുള്ള ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുറംലോകം അറിഞ്ഞിട്ടില്ല. പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കു വന്‍ ഭീഷണി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുകള്‍ പൂര്‍ണമായും അവഗണിച്ചാണ് കരമണല്‍ ലോബികളുടെ പുതിയ നീക്കം. വേനല്‍ചൂടില്‍ മേഖലയിലെ ഏതാണ്ട് മിക്ക കിണറുകളും വറ്റിവരണ്ടിട്ടും സ്വകാര്യ വ്യക്തിക്ക് അനുകൂലമായ നടപടികളാണ് പഞ്ചായത്ത് റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും പരാതിയുണ്ട്. ഉദയനാപുരം പഞ്ചായത്തില്‍ മാത്രം കരമണല്‍ ഖനനം മൂലം നൂറ് അടിയോളം താഴ്ചയുള്ള 300ഓളം കുഴികളുണ്ട്. പ്രദേശത്തെ കിണറുകളേക്കാള്‍ ആഴം കരമണല്‍ ഖനനം നടത്തിയ മിക്ക കുഴികള്‍ക്കുമുണ്ട്. ഇതിനാല്‍ പഞ്ചായത്തില്‍ ഏതാണ്ട് ഭൂരിപക്ഷം കിണറുകളും വറ്റിവരണ്ടു. ഉറവയായി കിണറുകളില്‍ എത്തിച്ചേരേണ്ട വെള്ളം മുഴുവന്‍ കരമണല്‍ ലോബികള്‍ കുഴികളുടെ ആഴം വര്‍ധിച്ചിപ്പിച്ച് ഊറ്റിയെടുക്കുകയാണ്. 2012ല്‍ ഉദയനാപുരം പഞ്ചായത്തില്‍ കരമണല്‍ ഖനനം നടത്തുന്നതിന് ജിയോളജി വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കരമണല്‍ ഖനനത്തിനു ശേഷം രൂപപ്പെടുന്ന കുഴികള്‍ പൂര്‍വ സ്ഥിതിയിലാക്കണമെന്ന വ്യവസ്ഥ അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മിക്കവരും പാലിച്ചിട്ടില്ല. കരമണല്‍ ഖനനം നടത്തിയ ഭൂമികള്‍ ബിനാമി പേരുകളിലേക്ക് ആധാരം നടത്തി ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് കരമണല്‍ ലോബികള്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. മഴക്കാലങ്ങളില്‍ വെള്ളം നിറഞ്ഞ കുഴികളില്‍ വീണ് നിരവധി അപകട മരണങ്ങള്‍ വെള്ളൂര്‍ അടക്കമുള്ള പഞ്ചായത്തുകളിലുണ്ടായിട്ടുണ്ട്. 1967ലെയും 2015ലെയും കേരള മൈന്‍ മിനറല്‍ കണ്‍ട്രക്ഷന്‍ ചട്ടങ്ങള്‍ പ്രകാരം ജലസ്രോതസ്സുകളില്‍ നിന്ന് കരമണല്‍ ഖനനം ചെയ്യുന്ന സ്ഥലവുമായി 50 മീറ്റര്‍ ദൂരപരിധി വേണമെന്ന ചട്ടങ്ങളും ഇവിടെ പാലിച്ചിട്ടില്ല. ഈ നിയമങ്ങളെല്ലാം ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബികളെ വിലയ്‌ക്കെടുക്ക് കരമണല്‍ ലോബി സ്വന്തം ഇഷ്ട പ്രകാരം ചെയ്യുകയായിരുന്നു. ഖനനം നടത്തിയ കുഴികളില്‍ മീന്‍ വളര്‍ത്തല്‍ പദ്ധതിയെന്ന പേരില്‍ കോടിക്കണക്കിനു രൂപ കരമണല്‍ ലോബികള്‍ സര്‍ക്കാരില്‍ നിന്ന് വായ്പയായും സബ്‌സിഡി ഇനത്തിലും തട്ടിയെടുത്തിട്ടുണ്ട്. കൂഴികള്‍ പൂര്‍വസ്ഥിതിയിലാക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി അടക്കമുള്ള നിയമനടപടികളാണ് നിയമത്തിലുള്ളതെങ്കിലും കൈക്കൂലിയുടെ മറവില്‍ ഇവ തകൃതിയായി നടക്കുകയാണ്. അതേസമയം, പഞ്ചായത്തില്‍ രൂക്ഷമാവുന്ന കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാന്‍ കരമണല്‍ ഖനനം നടത്തിയ എല്ലാ കുഴികളും മൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കരമണല്‍ ഖനനം നടത്തിയ കുഴികള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവര്‍ക്ക് നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് വിവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.

RELATED STORIES

Share it
Top