ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ടു പോലിസുകാര്‍ക്ക് വധശിക്ഷ

എന്‍  എ  ശിഹാബ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ രണ്ടു പോലിസുകാര്‍ക്ക് വധശിക്ഷ. ഒന്നും രണ്ടും പ്രതികളായ മലയിന്‍കീഴ് കമലാലയത്തില്‍ കെ ജിതകുമാര്‍, നെയ്യാറ്റിന്‍കര സ്വദേശി എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ നാസര്‍ വധശിക്ഷ വിധിച്ചത്. ഇവരില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം പിഴയും ഈടാക്കും.
കേസിലെ അഞ്ച്, ആറ് പ്രതികളായ നേമം പള്ളിച്ചല്‍ സ്വദേശി അജിത് കുമാര്‍, വെള്ളറട കെ പി ഭവനില്‍ ഇ കെ സാബു എന്നിവര്‍ക്ക് രണ്ടു വകുപ്പുകളിലായി മൂന്നു വര്‍ഷം വീതം തടവും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവുമെന്നതിനാല്‍ ശിക്ഷാ കാലാവധി മൂന്നു വര്‍ഷത്തില്‍ ഒതുങ്ങും.
കേസിലെ ആറാംപ്രതി മുന്‍ എസ്പി ടി കെ ഹരിദാസിനെ മൂന്നു വര്‍ഷം തടവിനും ശക്ഷിച്ചു. മൂവരും 5,000 രൂപ വീതം പിഴയൊടുക്കണം. പിഴത്തുകയില്‍ നിന്ന് നാലു ലക്ഷം രൂപ ഉദയകുമാറിന്റെ അമ്മ പ്രഭാവതിക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ഒന്നും രണ്ടും പ്രതികളായ, ഫോര്‍ട്ട് സ്‌റ്റേഷനിലെ പോലിസുകാരായിരുന്ന കെ ജിതകുമാര്‍, എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഇരുവരെയും റിമാന്‍ഡ് ചെയ്തു സ്‌പെഷ്യല്‍ സബ് ജയിലിലേക്കു മാറ്റി. അഞ്ചു മുതല്‍ ഏഴു വരെ പ്രതികളായ ഡിവൈഎസ്പി അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ കെ സാബു, ടി കെ ഹരിദാസ് എന്നിവര്‍ക്കെതിരേ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കൃത്രിമരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. ഇവരെ ജാമ്യത്തില്‍ തുടരാന്‍ കോടതി അനുവദിച്ചു. മൂന്നാംപ്രതി എഎസ്‌ഐ കെ വി സോമനെയും കുറ്റക്കാരനായാണ് കണ്ടെത്തിയതെങ്കിലും വിചാരണവേളയില്‍ മരിച്ചതിനാല്‍ ശിക്ഷ ബാധകമല്ല. നാലാംപ്രതി വി പി മോഹനനെ കോടതി നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു.
ആദ്യ മൂന്നു പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളികളായത്. കൂറുമാറിയ മുഖ്യസാക്ഷി സുരേഷിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ കോടതി സിബിഐക്ക് അനുമതി നല്‍കി. കൊല നടക്കുമ്പോള്‍ അജിത്കുമാര്‍ ഫോര്‍ട്ട് സ്‌റ്റേഷനിലെ എസ്‌ഐയും സാബു സിഐയും ഹരിദാസ് ഫോര്‍ട്ട് സ്‌റ്റേഷന്‍ അസി. കമ്മീഷണറുമായിരുന്നു.
നിലവില്‍ കെ ജിതകുമാര്‍ ഡിസിആര്‍ബി എഎസ്‌ഐയും എസ് വി ശ്രീകുമാര്‍ നാര്‍കോട്ടിക് സെല്‍ സിവില്‍ പോലിസ് ഓഫിസറും അജിത് കുമാര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമാണ്. ടി കെ ഹരിദാസ്, ഇ കെ സാബു എന്നിവര്‍ എസ്പിമാരായി വിരമിച്ചു. ഇ കെ സാബുവിന് ഐപിഎസ് നല്‍കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതോടെ സാബുവിന്റെ ഐപിഎസ് മോഹം പൊലിഞ്ഞു.

RELATED STORIES

Share it
Top