ഉത്തേജക മരുന്ന് ഉപയോഗം : ഇന്ത്യന്‍ അത്‌ലറ്റിന് സസ്‌പെന്‍ഷന്‍ന്യൂഡല്‍ഹി: നിരോധിത മരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ഇന്ത്യന്‍ അത്‌ലറ്റിന് സസ്‌പെന്‍ഷന്‍. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട താരത്തെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) ആണ് സസ്‌പെന്റ് ചെയ്തത്. അതേസമയം, താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. നിരോധിച്ച മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അത്‌ലറ്റിനെതിരെ നടപടിയെടുത്തത്. സസ്‌പെന്‍ഷന്‍ താല്‍ക്കാലികമാണ്. നിരോധിച്ച മരുന്നിന്റെ ഇരുപതോളം സിറിഞ്ചുകള്‍ അത്‌ലറ്റിന്റെ ഹോസ്റ്റല്‍ റൂമില്‍ നിന്ന് കണ്ടെത്തിയെന്നും വിവരം പുറത്തുവിട്ടു കൊണ്ട് നാഡ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാള്‍ പറഞ്ഞു. പാട്യാലയിലെ നേതാജി സുഭാഷ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നിന്നാണ് സിറിഞ്ചുകള്‍ കണ്ടെത്തിയത്. ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്തിലും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്ത പ്രമുഖ താരമാണ് സസ്‌പെന്‍ഷന് വിധേയനായത്. നിരപരാധിത്വം തെളിയിക്കും വരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാന്‍ അത്‌ലറ്റിക്‌സ് ഫെഡെറേഷനോട് നാഡ ആവശ്യപ്പെടുമെന്നും അഗര്‍വാള്‍ പറഞ്ഞു. കായിക താരങ്ങളുടെ ശാരീരിക ശേഷി വര്‍ധിപ്പിക്കുന്ന മെല്‍ഡോണിയം 2016ലാണ് നാഡ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ആസ്‌ത്രേലിയന്‍ ഓപണിനിടെ മെല്‍ഡോണിയം ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ടെന്നീസ് താരം മരിയ ഷറപ്പോവയെയും സസ്‌പെന്റ് ചെയ്തിരുന്നു.

RELATED STORIES

Share it
Top