ഉത്തര-ദക്ഷിണ കൊറിയന്‍ സൈനിക ചര്‍ച്ച പുനരാരംഭിച്ചു

സോള്‍: കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സംയുക്ത സൈനികപരിശീലനം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉത്തര-ദക്ഷിണ കൊറിയന്‍ സൈനിക ചര്‍ച്ച തുടങ്ങി. ഒരുപതിറ്റാണ്ടിനിടെ ആദ്യമായാണ് ഇരു കൊറിയകളുടെയും സൈനിക തലവന്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ഇരു കൊറിയകള്‍ക്കും ഇടയിലുള്ള സമാധാന നഗരം എന്നറിയപ്പെടുന്ന പാന്‍ മുന്‍ജോമിലായിരുന്നു കൂടിക്കാഴ്ച. യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനിക പരിശീലനം നിര്‍ത്തിവയ്ക്കുമെന്ന് ചൊവ്വാഴ്ച സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിക്കു ശേഷം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ധാരണയായിരുന്നു’എന്നാല്‍  സംയുക്ത സൈനികാഭ്യാസം പുനസ്ഥാപിച്ചതിനെത്തുടര്‍ന്ന് സൈനിക ചര്‍ച്ചയില്‍ നിന്നും ഉത്തരകൊറിയ പിന്‍മാറുകയായിരുന്നു. കിമ്മും മൂണും  അപ്രതീക്ഷിതമായി നടത്തിയ രണ്ടാംവട്ട ചര്‍ച്ചയില്‍  സൈനിക ചര്‍ച്ച പുനരാരംഭിക്കാന്‍ ധാരണയാവുകയായിരുന്നു. ഇരുരാജ്യങ്ങളിലെയും സൈനിക കാര്യാലയങ്ങള്‍ തമ്മില്‍ ഹോട്ട്‌ലൈന്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

RELATED STORIES

Share it
Top