ഉത്തര കൊറിയ ജനറല്‍ ദക്ഷിണ കൊറിയയിലേക്ക്‌

സോള്‍: ജനറല്‍ കിങ് യോങ് കോളിനെ ശൈത്യകാല ഒളിംപിക്‌സിന്റെ സമാപനചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഉത്തര കൊറിയ, ദക്ഷിണ കൊറിയയിലേക്ക് അയക്കുമെന്നു റിപോര്‍ട്ട്. ഉത്തര കൊറിയയുടെ ഇന്റലിജന്‍സ് മേധാവിയായിരുന്ന കിങ് യോങ് കോള്‍, ദക്ഷിണ കൊറിയക്ക് നേരെയുണ്ടായ പല ആക്രമണങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം.
ശൈത്യകാല ഒളിംപിക്‌സില്‍ ഉത്തര കൊറിയയുടെ അയവുള്ള സമീപനം ഇരു കൊറിയകളും തമ്മിലുള്ള പ്രശ്‌നം ലഘൂകരിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. മൂന്നു ദിവസം ദക്ഷിണ കൊറിയയിലുണ്ടാവുന്ന ഉത്തര കൊറിയന്‍ ജനറല്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നുമായി കൂടിക്കാഴ്ച നടത്തും.
പ്യോങ്ചാങില്‍ നടക്കുന്ന സമാപനചടങ്ങില്‍ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക യുഎസ് പ്രതിനിധികളോടൊപ്പം എത്തുന്നുണ്ട്. എന്നാല്‍, യുഎസും ഉത്തര കൊറിയയും തമ്മില്‍ യാതൊരു ചര്‍യും അന്ന് നടക്കില്ലെന്നു ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ശൈത്യകാല ഒളിംപിക്‌സിന്റെ  ഉദ്ഘാടനച്ചചടങ്ങില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പങ്കെടുത്തിരുന്നു.
അതേസമയം, ശൈത്യകാല ഒളിംപിക്‌സിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഉത്തര-ദക്ഷിണ കൊറിയന്‍ ചര്‍ച്ചകള്‍ തുടര്‍ന്നും നടക്കണമെന്നു മുന്‍ യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പറഞ്ഞു. ചര്‍ച്ച ഇരുകൊറിയകളും തമ്മിലുള്ള യോജിപ്പിനും സമാധാനത്തിനും ആണവ നിരായുധീകരണത്തിനും ഇടയാക്കുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top