ഉത്തര കൊറിയയില്‍ ബസ്സപകടം: 36 മരണം

ബെയ്ജിങ്: ഉത്തര കൊറിയയിലെ ബസ്സപകടത്തില്‍ 32 ചൈനീസ് വിനോദസഞ്ചാരികളും നാലു സ്വദേശികളും മരിച്ചു. രണ്ടു ചൈനീസ് സഞ്ചാരികള്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഉത്തര-ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലാണ് അപകടം. നയതന്ത്ര പ്രതിനിധികള്‍ അപകടസ്ഥലത്തെത്തിയതായും അവശ്യ മരുന്നുകളും ഉപകരണങ്ങളുമായി ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ ഉത്തര കൊറിയയിലേക്കയച്ചതായും ചൈനീസ് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട ബസ്സിന്റെ ചിത്രം ദേശീയ ടെലിവിഷന്‍ പുറത്തുവിട്ടു. യുഎസ് ഉപരോധമടക്കം പ്രതിസന്ധി നേരിടുന്ന ഉത്തര കൊറിയയുമായി സഹകരിക്കുന്ന പ്രധാന രാജ്യമാണ് ചൈന. ഉത്തര കൊറിയയിലെത്തുന്ന വിനോദസഞ്ചാരികളില്‍ പ്രധാന പങ്കും ചൈനയില്‍ നിന്നുള്ളവരാണ്. 2012ല്‍ മാത്രം 2,37,000 ചൈനക്കാരാണ് ഉത്തര കൊറിയ സന്ദര്‍ശിച്ചത്. 2013 മുതല്‍ ഈ കണക്ക് പുറത്തുവിടുന്നത് ചൈന നിര്‍ത്തുകയായിരുന്നു.

RELATED STORIES

Share it
Top