ഉത്തര കൊറിയക്ക് എണ്ണ. ദക്ഷിണകൊറിയ വീണ്ടും കപ്പല്‍ പിടിച്ചെടുത്തു

സോള്‍: യുഎന്‍ ഉപരോധം മറികടന്ന് ഉത്തര കൊറിയക്ക് എണ്ണ നല്‍കുന്നുവെന്നാരോപിച്ചു ദക്ഷിണ കൊറിയ വീണ്ടും കപ്പല്‍ പിടിച്ചെടുത്തു. പാനമ കൊടിയേന്തിയ കപ്പലാണു പിടിച്ചെടുത്തത്. മൂന്നു ദിവസം മുമ്പ് ഹോങ്കോങ് രജിസ്‌ട്രേഷനിലുള്ള കപ്പല്‍ ദക്ഷിണ കൊറിയ പിടിച്ചെടുത്തിരുന്നു.
5,100 ടണ്‍ ഓയില്‍ ഉള്‍ക്കൊള്ളുന്ന കപ്പലാണ് ഇത്തവണ പിടിച്ചെടുത്തിരിക്കുന്നത്. പ്യോങ്‌ടേക്-ഡാങ്ജിന്‍ തുറമുഖത്തു വച്ചാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. കപ്പല്‍ ഡിസംബര്‍ 19ന് തുറമുഖത്തെത്തിയിട്ടുണ്ടെന്നാണ് അനുമാനം. ചൈന, മ്യാന്‍മര്‍ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരാണു കപ്പലില്‍ ഉണ്ടായിരുന്നത്.
ദക്ഷിണ കൊറിയന്‍ ഇന്റലിജന്റ്‌സ് ഏജന്‍സി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ വിസമ്മതിച്ചു.
സംസ്‌കരിച്ച എണ്ണ കൈമാറിയെന്ന സംശയത്തില്‍ ലൈസ് ഹൗസ് വിന്‍മോര്‍ എന്ന കപ്പലാണു ദക്ഷിണ കൊറിയ ആദ്യം പിടിച്ചെടുത്തത്. കടലില്‍ വച്ചു ലൈസ് ഹൗസ് വിന്‍മോര്‍ കപ്പല്‍ ഉത്തര കൊറിയന്‍ കപ്പലിലേക്ക് 600 ടണ്‍ എണ്ണ കൈമാറിയെന്നാണ് ആരോപണം.

RELATED STORIES

Share it
Top