ഉത്തര കൊറിയക്ക് എണ്ണ: ചൈനീസ്‌കപ്പല്‍ പിടിച്ചെടുത്തു

വാഷിങ്ടണ്‍/സോള്‍: ഉത്തര കൊറിയക്ക് ഉപരോധം ലംഘിച്ച് എണ്ണ വിതരണം നടത്തിയെന്നാരോപിച്ച് ഹോങ്കോങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ ദക്ഷിണ കൊറിയ പിടികൂടിയതായി ദക്ഷിണ കൊറിയ. ഉത്തര കൊറിയന്‍ കപ്പലുകള്‍ക്കു നല്‍കാനായി കൊണ്ടുവന്ന 600 ടണ്‍ ഓയിലാണ് കപ്പലിലുണ്ടായിരുന്നതെന്നും റിപോര്‍ട്ടുണ്ട്. ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഉത്തര കൊറിയക്കു മേല്‍ യുഎന്‍ ഏര്‍പ്പെടുത്തിയ ഉപരോധം ചൈന ലംഘിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. എന്നാല്‍, ആരോപണം ചൈന നിഷേധിച്ചു.ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഉത്തര കൊറിയയിലേക്കുള്ള എണ്ണക്കയറ്റുമതിയില്‍ 90 ശതമാനം ഉപരോധം യുഎന്‍ ഏര്‍പ്പെടുത്തിയിരുന്നു. എണ്ണവിതരണം ചെയ്യുന്ന 10 കപ്പലുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും യുഎസ് യുഎന്നിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഈ നിര്‍ദേശം അംഗീകരിക്കാന്‍ റഷ്യയും ചൈനയും കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.ഉപരോധം നിലനില്‍ക്കെ ചൈന ഉത്തര കൊറിയക്ക് എണ്ണ വിതരണം ചെയ്തതായാണ് യുഎസ് പ്രസിഡന്റ് ആരോപിക്കുന്നത്. ഈ നടപടി ചൈനയുമായുള്ള ബന്ധം വഷളാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഉപരോധം നിലനില്‍ക്കെ  ഒക്ടോബര്‍ മുതല്‍ 30 തവണ ചൈനീസ് കപ്പലുകള്‍ ഉത്തര കൊറിയന്‍ കപ്പലുകള്‍ക്ക് എണ്ണ കൈമാറിയതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ 19ന് ചൈനീസ് കപ്പലുകള്‍ നിയമവിരുദ്ധമായി എണ്ണ കൈമാറിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും  ചൈന വ്യക്തമാക്കി. എന്നാല്‍, കഴിഞ്ഞ ആഗസ്ത് മുതല്‍ ചൈനീസ് തുറമുഖത്ത് എണ്ണക്കപ്പലുകള്‍ വന്നതായോ അവിടെ നിന്നു പോയതായോ വിവരമില്ല. യുഎന്‍ ഉത്തരവുകള്‍ ചൈന അനുസരിക്കാറുണ്ടെന്നും വക്താവ് അറിയിച്ചു.  ഉത്തര കൊറിയക്ക് നിയമവിരുദ്ധമായി എണ്ണ വില്‍പന നടത്തിയെന്ന ട്രംപിന്റെ ആരോപണം ചൈന നിഷേധിച്ചു.

RELATED STORIES

Share it
Top