ഉത്തര്‍പ്രദേശ് ജയിലില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥ

ലഖ്‌നോ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മുന്ന ബജ്‌രംഗി ജയിലില്‍ വെടിയേറ്റു മരിച്ചതിനു സമാനമായ സംഭവങ്ങള്‍ സംസ്ഥാന ജയിലുകളില്‍ മുമ്പും ഉണ്ടായതായി രേഖക ള്‍. മുന്നയുടെ സംഘത്തിലുണ്ടായിരുന്ന അനുരാഗ് ത്രിപാഠി എന്ന അന്നുവിനെ 2015 മെയ് 13ന് വാരണാസി ജയിലില്‍ സഹതടവുകാരനായിരുന്ന സന്തോഷ് ഗുപ്ത വെടിവച്ചുകൊന്നിരുന്നു. കൊലപാതകത്തിനായി എയര്‍കൂളറില്‍ തോക്ക് ഒളിപ്പിച്ചുകടത്തുകയായിരുന്നെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2011 ജൂണ്‍ 22ന് എന്‍ആര്‍എച്ച്എം അഴിമതിക്കേസില്‍ തടവുകാരനായിരുന്ന വൈ സി സച്ചന്‍ ലഖ്‌നോ ജയിലില്‍ കൊല്ലപ്പെട്ടിരുന്നു. ജയിലിലെ ശൗചാലയത്തില്‍ ഇരിക്കുന്ന നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ ഒമ്പതോളം മുറിവുകളുണ്ടായിരുന്നു. ബ്ലേ—ഡ് ഉപയോഗിച്ചുള്ളവയായിരുന്നു ഇവ. ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ജനല്‍ഗ്രില്ലില്‍ കെട്ടിയിട്ടിരുന്നു.
മുന്ന ബജ്‌രംഗി ജയിലില്‍ കൊല്ലപ്പെട്ട സംഭവത്തോടെ സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ സുരക്ഷ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടയാളാണ് കൊല്ലപ്പെട്ട മുന്ന. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൃത്യവിലോപം കാണിച്ചതിന് ജയിലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും തടവുകാരുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.

RELATED STORIES

Share it
Top